കേരള രാഷ്ട്രീയത്തില്‍ ഇടതു മുന്നണി ഇല്ലാതായി, മന്ത്രി സഭ പിരിച്ചു വിടണമെന്ന് കുമ്മനം

തിരുവനന്തപുരം: മന്ത്രി സഭ പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കേരള രാഷ്ട്രീയത്തില്‍ ഇടതു മുന്നണി എന്നത് ഇല്ലാതായിരിക്കുന്നു എന്നതാണ് തോമസ് ചാണ്ടിയുടെ രാജിയുടെ ബാക്കി പത്രമെന്നും, മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ കുറ്റപത്രമാണെന്നും കുമ്മനം തുറന്നടിച്ചു.

മാത്രമല്ല, മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ സിപിഐക്ക് ഇനി ആ മന്ത്രിസഭയില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമുണ്ടോയെന്നും കാനം വ്യക്തമാക്കണമെന്നും, രണ്ടാമത്തെ വലിയ കക്ഷി തന്നെ പരസ്യമായി മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞതോടെ ഇടത് മുന്നണി മന്ത്രിസഭ എന്നത് സാങ്കേതികമായി ഇല്ലാതായെന്നും, മന്ത്രിമാര്‍ ക്യാബിനറ്റിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണം എന്ന ഭരണഘടനാ തത്വമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളാ രാഷ്ട്രീയത്തില്‍ ഇടതു മുന്നണി എന്നത് ഇല്ലാതായിരിക്കുന്നു എന്നതാണ് തോമസ് ചാണ്ടിയുടെ രാജിയുടെ ബാക്കി പത്രം. പിണറായി വിജയന്‍ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയാണെന്ന് ഘടകക്ഷികള്‍ തന്നെയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ കുറ്റപത്രമാണ്. മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും പിടിപ്പുകേടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് കാനം.

മന്ത്രിപദവിയിലിരുന്നു കൊണ്ട് സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് പറയുന്ന കാനം സിപിഐ മന്ത്രിമാര്‍ ചെയ്ത നടപടി എന്താണെന്ന് വിശദീകരിക്കണം. മുഖ്യമന്ത്രി വിളിച്ച ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം ചേര്‍ന്നത് ഏത് കൂട്ടുത്തരവാദിത്തത്തിന്റെ പേരിലാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്?. മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ സിപിഐക്ക് ഇനി ആ മന്ത്രിസഭയില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമുണ്ടോയെന്നും കാനം വ്യക്തമാക്കണം. രണ്ടാമത്തെ വലിയ കക്ഷി തന്നെ പരസ്യമായി മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞതോടെ ഇടത് മുന്നണി മന്ത്രിസഭ എന്നത് സാങ്കേതികമായി ഇല്ലാതായി. മന്ത്രിമാര്‍ ക്യാബിനറ്റിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണം എന്ന ഭരണഘടനാ തത്വമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഈ അസാധാരണ സാഹചര്യത്തില്‍ മന്ത്രിസഭ പിരിച്ചു വിടുകയാണ് ഏക പോംവഴി.

Top