കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ അവധി പരിഗണിക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏഴ്- എട്ട് മാസത്തോളം തുടര്‍ച്ചയായി കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. തുടര്‍ച്ചയായുള്ള ജോലി ഡോക്ടര്‍മാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാനുള്ള നിര്‍ദേശം പരിഗണിക്കാന്‍ കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍.എസ്. റഡ്ഡി, എം.ആര്‍.ഷാ എന്നിവരങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ കഴിഞ്ഞ ഏഴ്-എട്ട് മാസമായി ഡോക്ടര്‍മാര്‍ക്ക് ഇടവേള നല്‍കാത്തതിനാല്‍ അവര്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയാണ്. അവര്‍ക്ക് ഇടവേള നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇത് വളരെ വേദനാജനകവും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതുമാണ്. ‘- കോടതി തുഷാര്‍ മേത്തയോട് പറഞ്ഞു. കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവധി നല്‍കാനുള്ള കോടതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് തുഷാര്‍ മേത്ത ബെഞ്ചിന് ഉറപ്പ് നല്‍കി.

Top