മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല, പുറകെ നടക്കുന്നത് സിപിഐഎം; വി ഡി സതീശന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോണ്‍ഗ്രസിനുളളത് എന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. കോണ്‍ഗ്രസും ലീഗും ജേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള ബന്ധമാണെന്നാവര്‍ത്തിച്ച സതീശന്‍, പലസ്തീന്‍ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.

സംസ്ഥാന കോണ്‍ഗ്രസിന്റെ, ബഹിഷ്‌കരണത്തിനിടെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും വിഡി സതീശന്‍ വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടന്ന് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതിയറിയിച്ചതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ആര്യാടന്‍ ഫൗണ്ടേഷന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കെപിസിസി നിലപാട് അധ്യക്ഷന്‍ വ്യക്തമാക്കുമെന്നും സതീശന്‍ വിശദീകരിച്ചു.

Top