ഏക സിവിൽ കോഡ്; സി.പി.എമ്മിനോട് മുഖം തിരിച്ച ലീഗ് നേതൃത്വത്തിന് സമുദായത്തിൽ തന്നെ തിരിച്ചടി

ക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എം സെമിനാറിനോട് മുഖംതിരിച്ച മുസ്ലിംലീഗിനു അതിനു വലിയ വിലയാണ് ഇനി കൊടുക്കേണ്ടി വരിക. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്ന തീരുമാനമാണ് ലീഗ് നേതൃത്വം പാണക്കാട്ടു വച്ചു കൈകൊണ്ടിരിക്കുന്നത്. ഇത്തരമൊരു തീരുമാനം കൈകൊളളാന്‍ ശക്തമായി സമ്മര്‍ദ്ദം ചൊലുത്തിയ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ഇനി പാര്‍ലമെന്റ് കാണുമോ എന്നതു പോലും സംശയമാണ്.

രാഷ്ട്രീയം ഏതാണെങ്കിലും അതു നോക്കാതെ ഏക സിവില്‍ കോഡിനെതിരെ നിലപാട് സ്വീകരിക്കുന്നവരുമായി സഹകരിക്കണമെന്ന പൊതുവികാരമാണ് മുസ്ലീം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയ്ക്കുള്ളത്. ഇതേ നിലപാട് മുജാഹിദുകളും കാന്തപുരം സുന്നികളും വ്യക്തമാക്കിയിട്ടുമുണ്ട്. ഈ വികാരം മാനിക്കാതെയാണ് സി.പി.എം. സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലന്ന നിലപാട് ലീഗ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. അതിനു അവര്‍ പറയുന്ന കാരണം കോണ്‍ഗ്രസ്സിനെ ക്ഷണിക്കാത്തതു കൊണ്ട് പങ്കെടുക്കുന്നില്ല എന്നതാണ്.

മറ്റൊരു കാരണം കോണ്‍ഗ്രസ്സാണ് ഏകസിവില്‍ കോഡ് വിരുദ്ധ സമരം രാജ്യത്ത് നയിക്കേണ്ടത് എന്നാണ്. ഈ നിമിഷം വരെ ഏക സിവില്‍ കോഡിനെതിരെ ശക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ‘കേരള ഘടകത്തിന് ഉചിതമായ തീരുമാനം എടുക്കാം’ എന്നതു മാത്രമാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മറ്റു സംസ്ഥാനങ്ങളില്‍ തിരിച്ചടി ഉണ്ടാകുമെന്ന ഭയത്താലാണ് ഇത്തരമൊരു തീരുമാനം ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ നിലപാടില്ലാത്ത കോണ്‍ഗ്രസ്സില്‍ വിശ്വാസമര്‍പ്പിച്ചാണ് ലീഗ് നേതൃയോഗം പിരിഞ്ഞിരിക്കുന്നത്. വല്ലാത്തൊരു ഗതികേടു തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ.

ലീഗിനെ അനുനയിപ്പിക്കാനാണ് യു.ഡി.എഫ് യോഗം വിളിച്ചു ചേര്‍ത്ത് ഏക സിവില്‍ കോഡിനെതിരെ സെമിനാര്‍ ഉള്‍പ്പെടെ നടത്താന്‍ ആലോചിച്ചിരിക്കുന്നത്. ഇത് ഒരു തട്ടിക്കൂട്ട് പരിപാടി എന്നതിനു അപ്പുറം ഒരിക്കലും ആത്മാര്‍ത്ഥമായ നീക്കമായി കാണാന്‍ സാധിക്കുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ലീഗ് നിലപാട് പ്രഖാപിച്ച ശേഷവും സമസ്ത ഉള്‍പ്പടെ നിലപാട് മാറ്റാതിരിക്കുന്നത്.

കേന്ദസര്‍ക്കാറിനെതിരായ നീക്കത്തില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ പ്രമുഖ മുസ്ലീം സംഘടനകള്‍ എല്ലാം തന്നെ വിശ്വാസത്തില്‍ എടുക്കുന്നത് സി.പി.എം നിലപാടിനെ തന്നെയാണ്. ഇവിടെയാണ് ലീഗിന് പാളിയിരിക്കുന്നത്. ചരിത്രപരമായ മണ്ടത്തരം എന്നു തന്നെ പറയാം. ഇപ്പോഴത്തെ നിലപാട് രാഷ്ട്രീയപരമായി കേരളത്തില്‍ ഇടതുപക്ഷത്തിനു വലിയ ഗുണമാണ് ചെയ്യുക. ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയില്‍ അടക്കം ഇടതുപക്ഷത്തിന് നേട്ടം കൊയ്യാന്‍ സമസ്തയുടെ പിന്തുണ മാത്രം മതിയാകും.

‘രണ്ടു തല, ഒരു ഉടല്‍’ – അതാണ് ലീഗും സമസ്തയും തമ്മിലുള്ള ബന്ധം. മുസ്ലീം ലീഗിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ തീര്‍ച്ചയായും സമസ്തയുടെ പിന്തുണ അനിവാര്യമാണ്. എന്നാല്‍ ഇടതുപക്ഷത്തിന് അതിന്റെ ആവശ്യമില്ല. ലീഗിന്റെ പ്രധാന ശക്തി കേന്ദ്രമായ മലപ്പുറത്തു പോലും യു.ഡി.എഫും ഇടതുപക്ഷവും തമ്മിലുള്ള അകലം വളരെ കുറവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 42.43 ശതമാനം വോട്ടുകളാണ് ഇടതുപക്ഷം നേടിയിരിക്കുന്നത്. ഈ കണക്കു പ്രകാരം ചെറിയ മുന്‍തൂക്കം മാത്രമാണ് മലപ്പുറം ജില്ലയില്‍ ലീഗിനുള്ളത്. ഈ അകലം ഇല്ലാതാക്കി ലീഗിന്റെ ‘പൊന്നാപുരം’ കോട്ട പിടിച്ചെടുക്കാന്‍ സമസ്തയുടെ ഒരു കൈ സഹായം മാത്രം മതിയാകും. സെമിനാറോടെ അതു സംഭവിക്കുകയും ചെയ്യും.

ന്യൂനപക്ഷ സമുദായത്തെ സംബന്ധിച്ച് അവര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പോരാടുന്നത് സി.പി.എമ്മും ഇടതുപക്ഷവും ആണെന്ന പ്രതീതി ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്. ഇതില്‍ ചെറിയ ഒരു വിഭാഗം ഇടതുപക്ഷത്തോട് അടുത്താല്‍ പോലും ലീഗിനാണ് വലിയ തിരിച്ചടിയുണ്ടാകുക. ഏക സിവില്‍ കോഡിനെതിരെ ദേശീയതലത്തിലെ ഒരു പ്രക്ഷോഭത്തിനും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ഉണ്ടാകാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധി മുതല്‍ വിവിധ സംസ്ഥാന ഘടകങ്ങളില്‍ വരെ ഈ വിഷയത്തില്‍ ഏകാഭിപ്രായം ഉണ്ടായിട്ടില്ല.

ഏകീകൃത സിവില്‍ കോഡ് ഇന്ത്യയ്ക്ക് അനിവാര്യമായ നിയമമാണെന്നാണ് കോണ്‍ഗ്രസ്സ് എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നെഹ്റു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കൂടി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാഹുല്‍ ഗാന്ധിയെയും വെട്ടിലാക്കിയിരിക്കുകയാണ്. എല്ലാ സമുദായ നേതാക്കളോട് ചര്‍ച്ച ചെയ്തും സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടും വേണം നിയമം നടപ്പാക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചലില്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും സംസ്ഥാനമന്ത്രിയുമായ വിക്രമാദിത്യ സിങ്ങും ഏക സിവില്‍ കോഡിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏക സിവില്‍ കോഡ് അനിവാര്യമാണെന്നാണ് വിക്രമാദിത്യ സിങ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാകട്ടെ ഏക സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ്സ് പ്രത്യേക സമിതിക്ക് തന്നെ രൂപം നല്‍കിയിരിക്കുകയാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണു ഒമ്പതംഗ സമിതിയെ വച്ചതെന്നാണ് പിസിസി പ്രസിഡന്റ് നാനാ പഠോളെ പറഞ്ഞിരിക്കുന്നത്. മുന്‍പു സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗവും ഏക സിവില്‍ കോഡ് വിഷയത്തില്‍ നിലപാട് എടുക്കാതെയാണ് പിരിഞ്ഞിരുന്നത്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ ജൂണ്‍ 15ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കൂടുതലായി ഒന്നും തന്നെ പറയാനില്ലെന്നാണ് കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവന്‍ ജയ്റാം രമേശ് ആ യോഗശേഷം വ്യക്തമാക്കിയിരുന്നത്. മോദി സര്‍ക്കാരിന്റെ ഏക സിവില്‍ കോഡ് നീക്കത്തെ ധ്രുവീകരണവും മറ്റു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കലും ലക്ഷ്യമിട്ടാണെന്നാണ് ജൂണ്‍ 15ന് കോണ്‍ഗ്രസ് പ്രസ്താവിച്ചിരുന്നത്. ഇതില്‍ നിന്നു തന്നെ കോണ്‍ഗ്രസ്സിലെ ആശയകുഴപ്പം വ്യക്തമാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തോല്‍വിയോടെ മൃദുഹിന്ദുത്വ സമീപനം ശക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വം ഏക സിവില്‍ കോഡ് വിഷയത്തില്‍ പല തട്ടിലായാണ് നില്‍ക്കുന്നത്.

പി ചിദംബരം, മനീഷ് തിവാരി തുടങ്ങിയ നേതാക്കള്‍ ഏക സിവില്‍ കോഡ് നീക്കത്തെ ശക്തമായി അപലപിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മൗനം തുടരുകയാണ്. കേരള നേതാക്കളോട് സ്വന്തം നിലയ്ക്ക് നിലപാട് സ്വീകരിക്കാന്‍ അനുമതി നല്‍കിയത് പോലും സമ്മര്‍ദ്ദ ഫലമായിട്ടാണ്. ഏക സിവില്‍ കോഡിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ത്താന്‍ കോണ്‍ഗ്രസ്സ് തന്നെ വേണമെന്നു വീമ്പിളക്കിയ മുസ്ലീംലീഗ് നേതാക്കള്‍ ഇതിനും ഇനി മറുപടി പറയേണ്ടി വരും. ഫലത്തില്‍ സ്വന്തം സമുദായത്തില്‍ നിന്നും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ് മുസ്ലീംലീഗ് പോകാന്‍ പോകുന്നത്.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പറ്റിയ അതേ വീഴ്ച തന്നെയാണ് ഏക സിവില്‍ കോഡ് വിഷയത്തിലും ലീഗിന് പറ്റിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ശ്യംഖലക്കെതിരെയാണ് ലീഗ് രംഗത്ത് വന്നിരുന്നത്. എന്നാല്‍ അന്നും സമസ്തയും മുജാഹിദ് വിഭാഗവും ഉള്‍പ്പെടെ ലീഗിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ ലീഗ് എതിര്‍പ്പ് തള്ളി മനുഷ്യ ശ്യംഖലയില്‍ കണ്ണികളായിരുന്നു. ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ നേട്ടമാണ് ലീഗിന്റെ എതിര്‍പ്പു വഴി മുസ്ലിം സമുദായത്തില്‍ നിന്നും ലഭിച്ചിരുന്നത്. സമാനമായ സാഹചര്യം തന്നെയാണ് ഏക സിവില്‍ കോഡ് വിഷയത്തിലും ഇനി സംഭവിക്കാന്‍ പോകുന്നത്.

സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറും തുടര്‍ന്നു നടക്കുന്ന പ്രക്ഷോഭങ്ങളുമെല്ലാം ലീഗ് കോട്ടകളെയും ഉലയ്ക്കും. കേരളത്തിലെ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് എന്ത് പ്രതിഷേധം ലീഗ് സംഘടിപ്പിച്ചാലും ഇടതുപക്ഷം സംഘടിപ്പിക്കുന്നതു പോലെ വിജയമാകുകയില്ല. അത്തരത്തിലുള്ള ഒരു സംഘടനാപരമായ കരുത്തോ ഉറച്ച നിലപാടോ കോണ്‍ഗ്രസ്സിനില്ല എന്നതാണ് വസ്തുത.

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അതായത് കാസര്‍കോട് മുതല്‍ കളിയക്കാവിളയില്‍ വരെ ഇടതുപക്ഷം തീര്‍ത്ത മഹാശ്യംഖലയില്‍ 70 ലക്ഷത്തില്‍ അധികം പേരാണ് പങ്കെടുത്തിരുന്നത്. അതില്‍ എല്ലാ സമുദായത്തില്‍പ്പെട്ടവരും സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ടായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭവും ഇതു തന്നെയായിരുന്നു.

പിന്നീട് ജാള്യത മറയ്ക്കാന്‍ മനുഷ്യ ഭൂപടവുമായി ലീഗും കോണ്‍ഗ്രസ്സും രംഗത്തു വന്നെങ്കിലും അതിനു പോലും കാര്യമായ ജനപിന്തുണ ലഭിച്ചിരുന്നില്ല. മനുഷ്യ ഭൂപടം വെറും ‘പടമായി’ മാറിയ കാഴ്ചയാണ് അന്ന് കേരളം കണ്ടിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം നിലപാട് സ്വീകരിച്ചെങ്കിലും പ്രക്ഷോഭ രംഗത്ത് തിളങ്ങിയിരുന്നത് ഇടതു സംഘടനകളായിരുന്നു. ആ പോരാട്ടവും ലീഗ് നേതൃത്വം അറിയണം.

ഡല്‍ഹി ജെ.എന്‍.യു സര്‍വ്വകലാശാലയിലും യുപിയിലും ഉള്‍പ്പെട്ട എസ്.എഫ്.ഐ നടത്തിയ പ്രക്ഷോഭം ഇതില്‍ എടുത്ത് പറയേണ്ടതാണ്. മാത്രമല്ല ഡല്‍ഹി പൊലീസിന്റെയും മഹാരാഷ്ട്ര പൊലീസിന്റെയും കടുത്ത നടപടിക്ക് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വിധേയമാവുകയും ചെയ്തു. മുഹമ്മദ് റിയാസിനെ ഈ രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് മര്‍ദ്ദിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ എവിടെ ആയിരുന്നു എന്നതും ലീഗ് നേതാക്കള്‍ പരിശോധിക്കുന്നത് നല്ലതാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്വാധീനം വിലയിരുത്തി രാജ്യത്തെ ഇടതുപക്ഷത്തിന്റെ കരുത്ത് മുസ്ലീംലീഗ് അളക്കരുത്. ‘അടി’ എന്ന് എഴുതി കാണിച്ചാല്‍ ഓടിയൊളിക്കുന്ന ഖദര്‍ ധാരികളല്ല കമ്യൂണിസ്റ്റുകള്‍. അവര്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അവസാനം വരെ പൊരുതും. അതു തന്നെയാണ് ചരിത്രവും. വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിളഭൂമിയായ മഹാരാഷ്ട്രയില്‍ പോലും അധികാരി വര്‍ഗ്ഗത്തെ മുട്ടു കുത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയ്ക്കുണ്ട്. ലോങ്ങ് മാര്‍ച്ചിലൂടെ ലോകം കണ്ട യാഥാര്‍ത്ഥ്യമാണത്. മോദി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ ബുദ്ധി കേന്ദ്രവും സി.പി.എം. കര്‍ഷക സംഘടനയായ കിസാന്‍ സഭയുടേതാണ്. അതു കൊണ്ട് പാര്‍ലമെന്റിലെ എണ്ണം മാത്രം വിലയിരുത്തി സി.പി.എമ്മിനെയും ഇടതുപക്ഷ സംഘടനകളെയും ആരും തന്നെ അളയ്ക്കരുത്.

ലീഗിനെ ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് സി.പി.എം ക്ഷണിച്ചത് അവരുടെ രാഷ്ട്രീയ മര്യാദയാണ്. കോണ്‍ഗ്രസ്സ് വിരട്ടിയപ്പോള്‍ പങ്കെടുക്കാനില്ലന്ന തീരുമാനം എടുത്തതാകട്ടെ ലീഗിന്റെ മര്യാദകേടുമാണ്. കേരളത്തില്‍ ഇനിയും തുടര്‍ ഭരണമുണ്ടാകാന്‍ ലീഗിന്റെ ഒരാവശ്യവും ഇടതുപക്ഷത്തിനില്ല എന്നതും ലീഗ് നേതൃത്വം ഓര്‍ത്തു കൊള്ളണം. പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വന്നത് ഇടതുപക്ഷത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ ഒരു മുന്നണിയാണത്.

ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവ വിഭാഗത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബി.ജെ.പിക്ക് അത് സാധ്യമാകാതിരിക്കുന്നത്. ഹൈന്ദവ വിഭാഗത്തിലെ ഭൂരിപക്ഷവും സി.പി.എമ്മില്‍ വിശ്വാസമര്‍പ്പിക്കുന്നതു കൊണ്ടാണ്. കേരളത്തില്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഏക അക്കൗണ്ട് പൂട്ടിച്ചതും ഇടതുപക്ഷമാണ്. ചുവപ്പിന്റെ ആ കരുത്തിനൊപ്പം കോണ്‍ഗ്രസ്സിന്റെ പ്രധാന വോട്ട് ബാങ്കായ ക്രൈസ്തവ വിഭാഗവും ലീഗ് വോട്ട് ബാങ്കായ സമസ്തയും കൂടി ചേരുന്നതോടെ യു.ഡി.എഫിന്റെ പതനമാണ് പൂര്‍ത്തിയാകുക. വിളിച്ചു വരുത്തുന്ന തിരിച്ചടി എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.

EXPRESS KERALA VIEW

Top