മുനീർ വിഭാഗം നേതാക്കളായ അബ്ദുൾ വഹാബിനും ഇടി മുഹമ്മദ് ബഷീറിനും എതിരെ ലീഗിൽ പടയൊരുക്കം

മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയാകാനുള്ള ഡോ.എം.കെ മുനീറിന്റെ ആഗഹം മുസ്ലീം ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പൊളിച്ചതിനു കാരണം കുഞ്ഞാലിക്കുട്ടിയോടുള്ള താൽപ്പര്യം മാത്രമല്ലന്നു സൂചന. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മകനായ എം.കെ മുനീർ ലീഗിലെ രണ്ടാമനാകുന്നത് ഭീഷണിയാകുമെന്ന് മുൻകൂട്ടി കണ്ടു കൂടിയാണ് തന്ത്രപരമായ ഈ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ആക്ടിംങ്ങ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും പൂർണ്ണമായും പാണക്കാട് തങ്ങൾ കുടുംബത്തിന് കീഴ്പ്പെട്ടാണ് പി.എം.എ സലാം പ്രവർത്തിച്ചിരുന്നത്. സലാം മാറി സംസ്ഥാന കൗൺസിലിൽ എം.കെ മുനീർ തിരഞ്ഞെടുക്കപ്പെട്ടാൽ ലീഗിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന ഭയം സാദിഖലി തങ്ങൾക്ക് തന്നെ ഉണ്ടായിരുന്നു എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

മുൻപുണ്ടായിരുന്ന മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷരേക്കാൾ വളരെ ചെറുപ്പമാണ് നിലവിലെ അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. അതു കൊണ്ട് തന്നെ കൂടുതൽ ഊർജസ്വലതയോടെയാണ് നിലവിലെ പ്രവർത്തനം. ദൈനം ദിന രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്ന സംസ്ഥാന ജനറൽ സെക്രട്ടറിക്കു മേൽ വ്യക്തമായ ഒരു നിയന്ത്രണമാണ് ലീഗ് അദ്ധ്യക്ഷൻ ആഗ്രഹിക്കുന്നത്. സി.എച്ചിന്റെ മകനായ എം.കെ മുനീർ ജനറൽ സെക്രട്ടറിയായാൽ അക്കാര്യത്തിൽ ബുദ്ധിമുട്ട് നേരിടുമെന്ന് സാദിഖലി തങ്ങൾ തിരിച്ചറിഞ്ഞതിൽ അദ്ദേഹത്തെ കുറ്റം പറയാനും സാധിക്കുകയില്ല. ലീഗിലെ കീഴ് വഴക്കം തന്നെയാണ് ജനറൽ സെക്രട്ടറി നിയമനത്തിലും നടന്നിരിക്കുന്നത്. തങ്ങൾ കുടുംബം നിർദേശിച്ച ജനറൽ സെക്രട്ടറിയെ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഒറ്റ വ്യത്യാസം മാത്രമാണുള്ളത്. അത് . . . ഡോ. എം.കെ മുനീറിന്റെ അപ്രതീക്ഷിത രംഗ പ്രവേശനമാണ്.

കെ.എം ഷാജി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൾ വഹാബ് എം.പി, മായിൻ ഹാജി, കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ബദൽ നീക്കം ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കുന്നതായിരുന്നു. തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകുമെന്ന ഘട്ടമെത്തിയപ്പോൾ സാദിഖലി തങ്ങൾ നേരിട്ട് നടത്തിയ ഇടപെടലാണ് മുനീർ വിഭാഗത്തിന് പ്രഹരമായത്. കുഞ്ഞാലിക്കുട്ടി വിഭാഗത്തെ വിശ്വാസത്തിൽ എടുത്ത് നടത്തിയ ഈ നീക്കത്തിനൊടുവിൽ പിൻമാറാൻ മുനീർ വിഭാഗം നിർബന്ധിക്കപ്പെടുകയാണ് ഉണ്ടായത്. എതിർ പാളയത്തിൽ ഒടുവിൽ അവശേഷിച്ചത് മുനീറും കെ എം ഷാജിയും മാത്രമാണ്. പി.എം.എ സലാം തിരഞ്ഞെടുക്കപ്പെട്ടതോടെ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ അവസ്ഥയും ഇനി ദയനീയമാകും. ഈ വിഭാഗം കൂടുതൽ ഒതുക്കപ്പെടാൻ തന്നെയാണ് സാധ്യത. സാദിഖലിയും കുഞ്ഞാലിക്കുട്ടിയും മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശമാണ് ഇനി ലീഗിൽ നടപ്പാക്കപ്പെടുക.

പി.വി അബ്ദുൾ വഹാബും ഇ.ടി മുഹമ്മദ് ബഷീറും അടുത്ത തവണ പാർലമെന്റ് കാണുമോ എന്ന കാര്യവും സംശയമാണ്. പൊന്നാനി മണ്ഡലത്തിൽ ഇ.ടി മുഹമ്മദ് ബഷീറിനു പകരം ലീഗ് മറ്റൊരാളെ കണ്ടെത്താനുള്ള സാധ്യതയും കൂടുതലാണ്. വിവസായിയും രാജ്യസഭ അംഗവുമായ പി.വി അബ്ദുൾ വഹാബിന് രാജ്യസഭ സീറ്റ് ലഭിച്ചു കൊണ്ടിരുന്നത് മുൻ കാലങ്ങളിലെ ലീഗ് അദ്ധ്യക്ഷൻമാരുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ്. സാദിഖലി തങ്ങൾ അദ്ധ്യക്ഷനായതോടെ വാഹാബിന് മുന്നിലും വെല്ലുവിളികൾ ഏറെയാണ്. അദ്ദേഹത്തിനും സീറ്റ് നിഷേധിക്കപ്പെടാനാണ് സാധ്യത. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭാംഗത്വം ആഗ്രഹിക്കുന്ന കെ.പി.എ മജീദ്, മായിൻ ഹാജി തുടങ്ങിയവരും ത്രിശങ്കുവിലാകും. എം കെ മുനീറിനും കെ.എം ഷാജിക്കും മത്സരിക്കാൻ സീറ്റുകൾ ഉറപ്പായും ലഭിക്കുമെങ്കിലും കൂടുതൽ പരിഗണനകൾക്കുള്ള സാധ്യത കുറവാണ്. ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പിൽ ഒതുക്കപ്പെട്ടത് ഇതിന്റെയെല്ലാം സൂചനകളാണ്. “മുനീർ- ഷാജി പക്ഷം എന്നൊന്ന് ലീഗിലില്ലന്നും, സാദിഖലി പക്ഷം മാത്രമാണുള്ളതെന്നും” തുറന്നു പറയുക വഴി പി.എം.എ സലാം മുനീർ പക്ഷത്തിന് വ്യക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

et muhammad basheer

പാർട്ടിയെ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കിയ കുഞ്ഞാലിക്കുട്ടിപക്ഷം വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് പദ്ധതികൾ തയ്യാറാക്കുന്നത്. നിലവിൽ പൊന്നാനി മലപ്പുറം ലോകസഭ സീറ്റുകളിൽ മാത്രമാണ് ലീഗ് മത്സരിക്കുന്നത്. ഈ നില മാറണമെന്ന് സാദിഖലി ശിഹാബ് തങ്ങളും ആഗ്രഹിക്കുന്നുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലങ്കിൽ വയനാട് ലോകസഭ സീറ്റ് ആവശ്യപ്പെടാനാണ് ലീഗ് നീക്കം. അതല്ലങ്കിൽ കോഴിക്കോട് സീറ്റിനായി പിടിമുറുക്കും. കോഴിക്കോട് സിറ്റിംങ് എം.പിയായ എം കെ രാഘവൻ നിലവിൽ കോൺഗ്രസ്സ് നേതൃത്വവുമായി ഉടക്കിലുമാണ്. അടുത്ത തവണ താൻ മത്സര രംഗത്ത് ഉണ്ടാകില്ലന്ന് രാഘവനും ഇതിനകം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എം.കെ രാഘവനല്ലാതെ മറ്റാര് മത്സരിച്ചാലും വിജയ പ്രതീക്ഷ ഉണ്ടാകില്ലന്ന് ബോധ്യമുള്ള കോൺഗ്രസ്സിന് ലീഗ് നേതൃത്വം പിടിമുറുക്കിയാൽ കോഴിക്കോട് സീറ്റ് വിട്ടു നൽകേണ്ടി വരും. ലീഗിനോട് നോ പറയാനുള്ള ആരോഗ്യം കോൺഗ്രസ്സിന് ഇപ്പോൾ ഇല്ലാത്തതിനാൽ ലീഗ് സമ്മർദ്ദതന്ത്രം വിജയിക്കാൻ തന്നെയാണ് സാധ്യത.

കഴിഞ്ഞ ലോകസഭ തിരഞ്ഞടുപ്പിൽ 20 -ൽ 19 സീറ്റുകളും യു.ഡി.എഫാണ് തൂത്തുവാരിയിരിക്കുന്നത്. ഇത്തവണ 10 സീറ്റുകളെങ്കിലും നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞില്ലങ്കിൽ മുസ്ലീം ലീഗും – കോൺഗ്രസ്സും വലിയ പ്രതിസന്ധിയാണ് നേരിടുക. യു.ഡി.എഫ് എന്ന സംവിധാനത്തിന്റെ നിലനിൽപ്പു തന്നെ അത്തരമൊരു ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടും. മുന്നണി മാറാൻ പ്രായോഗിക രാഷ്ട്രീയം പയറ്റുന്ന ലീഗ് അദ്ധ്യക്ഷനും നിർബന്ധിക്കപ്പെടും. ഈ അവസ്ഥ വരാതിരിക്കാനാണ് യു.ഡി.എഫിലെ മറ്റെല്ലാ ഘടകകക്ഷികളും ശക്തിപ്പെടണമെന്ന ആവശ്യം ലീഗ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസ്സിൽ നിന്നും നല്ലൊരു വിഭാഗം ബി.ജെ.പിയിൽ ചേക്കേറാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. തിരുവനന്തപുരവും തൃശൂരുമാണ് സംസ്ഥാനത്ത് ബി.ജെ.പി. ലക്ഷ്യമിടുന്ന രണ്ട് ലോകസഭ സീറ്റുകൾ. ഇതിൽ ഒന്നിൽ ബി.ജെ.പി ജയിച്ചാൽ പോലും അതിന്റെ പഴി മുഴുവൻ കേൾക്കേണ്ടിവരിക കോൺഗ്രസ്സിനാണ്. നിയമസഭയിലെ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ച സി.പി.എമ്മിനെ സംബന്ധിച്ച് കോൺഗ്രസ്സിനെ കടന്നാക്രമിക്കാൻ അതും നല്ലൊരു ആയുധമായി മാറും.

ഇപ്പോൾ തന്നെ… തൃശൂരും തിരുവനന്തപുരവും ലക്ഷ്യമിട്ട് ബി.ജെ.പി ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. ബി.ജെ.പിയെ ചെറുക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന് പ്രഖ്യാപിച്ച് സി.പി.എമ്മും പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ട് ബി.ജെ.പി നോട്ടമിട്ട മണ്ഡലങ്ങൾ ഇടതുപക്ഷത്തിനായി പിടിച്ചെടുക്കുക എന്നതാണ് സി.പി.എം ലക്ഷ്യം. ഇതിനായി സംഘടനാ രംഗത്ത് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷത്ത് സി.പി.ഐ മത്സരിക്കുന്ന തൃശൂർ – തിരുവനന്തപുരം മണ്ഡലങ്ങളിൽ, മികച്ച സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സി.പി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന്റെ പ്രാധാന്യം മുൻ നിർത്തി ഒടുവിൽ സി.പി.എമ്മുമായി സീറ്റുകൾ വച്ചു മാറാനുളള സാധ്യതയും സി.പി.ഐ നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ല.

EXPRESS KERALA VIEW

Top