സമരാഗ്നിയില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നത് ശരിയായില്ലെന്ന് നേതൃത്വം;വിട്ടുനിന്നതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കും

കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരാഗ്നിയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കും. സമരാഗ്നിയില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നത് ശരിയായില്ലെന്നാണ് നേതൃത്വത്തിന്റെ വിമര്‍ശനം. അഭിപ്രായ വ്യത്യാസം കാരണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനൊപ്പം ഏറെ കാലമായി മുല്ലപ്പള്ളി വേദി പങ്കിടാറില്ല. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുമ്പോഴും പ്രാദേശിക പരിപാടികളില്‍ മുല്ലപ്പള്ളി സജീവമാണ്.

വടകരയില്‍ ഉണ്ടായിട്ടും സമരാഗ്നിയില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതേസമയം താന്‍ പരിപാടി ബഹിഷ്‌കരിച്ചതല്ലെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം നേതൃത്വവുമായി മുല്ലപ്പള്ളി സഹകരിക്കാറില്ല. കൂടിയാലോചനകള്‍ നടത്താന്‍ കെ സുധാകരന്‍ തയ്യാറാകുന്നില്ലെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. നേരത്തെ ഹൈക്കമാന്റ് ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പക്ഷേ ജില്ലയിലെ പ്രധാന പരിപാടികളില്‍ നിറസാന്നിധ്യമാണ് മുല്ലപ്പള്ളി. പ്രാദേശിക പാര്‍ട്ടി പരിപാടികളിലും മുല്ലപ്പള്ളി പങ്കെടുക്കുന്നുണ്ട്.

മുതിര്‍ന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന്റെ സമരാഗ്‌നിയിലെ അസാന്നിധ്യം ചര്‍ച്ചയായതിന് പിന്നാലെയാണ് പരിശോധിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. വടകരയിലെ സ്വീകരണ പരിപാടിയില്‍ നിന്നാണ് മുല്ലപ്പള്ളി വിട്ടുനിന്നത്. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുല്ലപ്പള്ളിയായിരുന്നു. അതുകൊണ്ടുതന്നെ മുല്ലപ്പള്ളി വിട്ടുനില്‍ക്കുമെന്ന് നേതൃത്വവും കണക്കുകൂട്ടിയില്ല.

Top