സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പങ്കാളിത്തം; മുസ്ലീംലീഗിന്റെ നേതൃയോഗം ഇന്ന് ചേരും

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി മുസ്ലീംലീഗിന്റെ നേതൃയോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്.

ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് പലസ്തീന്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീര്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നിരുന്നു.

പലസ്തീന്‍ വിഷയത്തില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. വ്യക്തമായ നിലപാടില്ലാത്തതിനാല്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിര്‍ത്തും. പ്രശ്‌നത്തില്‍ മുസ്ലീംലീഗ് നിലപാട് ശരിയെന്ന വിലയിരുത്തലും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായി.

Top