സംസ്ഥാനത്ത് ഗുണ്ടാ കോറിഡോര്‍, ആഭ്യന്തരവകുപ്പ് പരാജയപെട്ടെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കൊലപാതകങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുണ്ടാ കൊറിഡോര്‍ രൂപപ്പെട്ടിരിക്കുകയാണ്. ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു. മയക്ക് മരുന്ന് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഭരണകക്ഷി കുടപിടിച്ചു കൊടുക്കുകയാണ്. പാലക്കാട്ടെ കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. പ്രതികള്‍ സി.പി.എമ്മുകാരാണെങ്കിലും ബി.ജെ.പിക്കാരാണെങ്കിലും അവരെ അറസ്റ്റ് ചെയ്യണം. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയാണ് പുറത്ത് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കൊലപാതകത്തില്‍ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നാണ് എസ്.പി ആദ്യം പറഞ്ഞത്. പിന്നീട് എഫ്.ഐ.ആര്‍ ഇട്ടപ്പോള്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബി.ജെ.പിയാണ് കൊലയ്ക്ക് പിന്നിലെന്നും പറഞ്ഞു. സി.പി.എമ്മുകാര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും അവര്‍ തമ്മില്‍ വൈരാഗ്യം ഉണ്ടായിരുന്നെന്നും തന്റെ മകന്‍ കൂടി അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ആളും വെളിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.കെ.ജി സെന്ററിലേക്ക് പടക്കം എറിഞ്ഞ കേസ് പൊലീസ് സ്വതന്ത്രമായി അന്വേഷിച്ചാല്‍ അത് സി.പി.എം നേതാക്കളിലേക്ക് എത്തിച്ചേരും. എന്നാല്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞശേഷം കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിച്ചത് മുതല്‍ സി.പി.എം സെല്‍ഫ് ഗോള്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കേരളത്തില്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. പൊലീസിന്റെ കൈയ്യും കാലും കെട്ടിയിടാതെ ആരാണ് കുറ്റവാളിയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top