കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ അധികാരം നേടി എല്‍.ഡി.എഫ് -യു.ഡി.എഫ് സഖ്യം

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഇനി എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് ഭരിക്കും. സി.പി.എം സ്വതന്ത്രയായ അനസൂയ റൈ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ എട്ടുവോട്ട് നേടിയാണ് അനസൂയ റൈ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ജി. സ്വപ്നയ്ക്കു ഏഴുവോട്ട് ലഭിച്ചു. നേരത്തെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ പഞ്ചായത്ത് ഭരിച്ചിരുന്ന ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു. 18 വര്‍ഷമായി ബി.ജെ.പി. ഭരിച്ച പഞ്ചായത്താണ് കാറഡുക്ക.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിന് നടക്കും. സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സ്വതന്ത്രന്‍ ബി.കെ.വിനോദന്‍ നമ്പ്യാര്‍ മല്‍സരിക്കും. ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണയും മല്‍സരിക്കും.

15 അംഗ ഭരണസമിതിയില്‍ ബിജെപിക്കു ഏഴും സിപിഎമ്മിനു അഞ്ചും കോണ്‍ഗ്രസ് സ്വതന്ത്രന്‍ ഉള്‍പ്പെടെ യുഡിഎഫിനു മൂന്നും അംഗങ്ങളാണുള്ളത്.

Top