The law has change in front of MLA and ADGP

ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയെന്ന കുറ്റം ആരോപിച്ച് ചുംബനസമര സംഘാടകരായ രാഹുല്‍ പശുപാലിനെയും ഭാര്യ രശ്മിയെയും അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഐ.ജി എന്തുകൊണ്ടാണ് എഡിജിപിക്കെതിരായ പീഡനപരാതിയില്‍ നടപടി സ്വീകരിക്കാത്തത്?

എറണാകുളം റേഞ്ച് ഐ.ജി ആയിരിക്കെ കലൂരിലെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോയി പത്മകുമാര്‍ തന്നെ പീഡിപ്പിച്ചുവെന്ന് സരിതാ നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇപ്പോഴും ഒളിച്ച് കളിക്കുന്നത്.

വാട്‌സ് ആപ്പിലൂടെ പ്രചരിച്ച തന്റെ നഗ്‌ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍ പത്മകുമാറാണെന്നും അദ്ദേഹം കലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചിരുന്നതായും സരിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ അതീവ ഗുരുതരമായ ഈ പരാതിയില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ശക്തമായ ഒരു നടപടിയും അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സ്വീകരിച്ചിട്ടില്ല. നിയമപ്രകാരം ഒരു സ്ത്രീ ഇത്തരമൊരു പരാതി നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ കേസെടുത്ത് നടപടി സ്വീകരിക്കേണ്ടതാണ്.

ഒരു സാധാരണക്കാരനാണ് പ്രതിസ്ഥാനത്തെത്തുന്നതെങ്കില്‍ സംഭവിക്കുന്നതും അതായിരിക്കും. എന്നാല്‍ പത്മകുമാറിന്റെ കാര്യത്തില്‍ നിയമം അദ്ദേഹത്തിന്റെ വഴിക്കാണ്.

മനുഷ്യാവകാശ കമ്മീഷനിലിരിക്കുമ്പോള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ട ‘കുറ്റകൃത്യം’ ഫോളോ ചെയ്ത് ക്രൈംബ്രാഞ്ചില്‍ നിയമനം കിട്ടിയപ്പോള്‍ രാഹുല്‍ പശുപാലിനെയും രശ്മിയേയും അറസ്റ്റ് ചെയ്തതിലെ ‘മിടുക്ക്’ ഈ പരാതിയല്‍ എന്തുകൊണ്ടാണ് ഐ.ജി ശ്രീജിത്ത് സ്വീകരിക്കാതിരുന്നതെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാണ്.

പത്മകുമാര്‍ എറണാകുളം റേഞ്ച് ഐ.ജിയായിരിക്കെ അദ്ദേഹത്തിന് കീഴില്‍ കോട്ടയം എസ്.പിയായി പ്രവര്‍ത്തിക്കുകയും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.

ഇനി സരിതാനായര്‍ പറയുന്നത് കള്ളമായിരുന്നുവെങ്കില്‍ അന്വേഷണം നടത്തി കുറ്റവിമുക്തനാവാനും സരിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഈ കഴിഞ്ഞ കാലയളവ് തന്നെ പത്മകുമാറിന് ധാരാളമായിരുന്നു. എന്നാല്‍ അതുമുണ്ടായില്ല.

സ്ത്രീപീഡന കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സൗത്ത് സോണില്‍ എഡിജിപിയായി ക്രമസമാധാന ചുമതല നല്‍കിയാണ് ആഭ്യന്തര മന്ത്രി തന്റെ ‘നിഷ്പക്ഷ’ നീതി നിര്‍വ്വഹണത്തിന് തുടക്കമിട്ടത്.

സരിത തന്നെ നല്‍കിയ മറ്റൊരു പരാതിയില്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് എ.പി അബ്ദുള്ളകുട്ടിക്കെതിരെ എടുത്ത കേസിലും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.

പക്ഷേ ഓണ്‍ലൈന്‍ പെണ്‍വാണിഭമെന്ന് കേട്ടപ്പോള്‍ കേരള പോലീസിന്റെ രക്തം തിളച്ച് പ്രതികളെന്ന് പറയുന്നവരെ വളഞ്ഞിട്ട് പിടിച്ച്, കോടതി ശിക്ഷ വിധിക്കും മുമ്പ് ഐ.ജി ശ്രീജിത്ത് ചാനലില്‍ കൂടി ‘ശിക്ഷ’ വിധിക്കുകയാണുണ്ടായത്.

ഇതാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സുതാര്യ ഭരണം? വ്യക്തിപരമായി ആരെയും കടന്നാക്രമിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല. സമൂഹത്തില്‍ രണ്ടുതരം നീതി അടിച്ചേല്‍പ്പിക്കുന്നത് നല്ലതല്ല ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന് മാത്രമേ അതിനോട് ഇപ്പോള്‍ പ്രതികരിക്കുന്നുള്ളൂ.

പോലീസ് നിയമനതട്ടിപ്പില്‍ അറസ്റ്റിലായ ശരണ്യ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ ബ്രേക്ക് ചെയ്ത് കത്തിപ്പടര്‍ന്ന രാത്രി തന്നെയാണ് ഈ വാര്‍ത്തയുടെ വഴിതിരിച്ചുവിടാന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ അറസ്റ്റും വിവരങ്ങളും ക്രൈംബ്രാഞ്ച് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് എന്നത് ഏറെ സംശയങ്ങള്‍ക്കിട നല്‍കുന്ന കാര്യമാണ്.

അഴിമതി കഥകളേക്കാള്‍ കാമകഥകള്‍ ലഹരിയാക്കിയ മാധ്യമങ്ങളില്‍ പെണ്‍വാണിഭത്തിലെ ‘ചുംബന’ കഥകള്‍ പുറത്തായതോടെ ഒറ്റദിവസം കൊണ്ട് അടിയില്‍ പോയത് ആഭ്യന്തര മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണവും ബാര്‍ കോഴയില്‍ മന്ത്രി ബാബുവിന്റെ രാജി ആവശ്യവുമൊക്കെയാണ്.

തങ്ങള്‍ക്കെതിരായ ആരോപണ കറ മറച്ച് പിടിക്കാന്‍ ക്രിമിനല്‍-വിജിലന്‍സ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ ‘വേണ്ടപ്പെട്ടവര്‍’ ചുമതലപ്പെടുത്തുകയായിരുന്നു എന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിനേക്കാള്‍ സെന്‍സേഷനലായ നിരവധി കേസുകള്‍ പിടിച്ചിട്ടും മറ്റൊരു ഉദ്യോഗസ്ഥനും പ്രത്യേകിച്ച് ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ഇങ്ങനെ ചാനലുകളില്‍ നിരങ്ങി മുന്‍പൊന്നും വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.

‘ഒരു വെടിക്ക് രണ്ട് പക്ഷി’ എന്ന കാഴ്ചപ്പാടോട് കൂടിയാണ് ക്രൈംബ്രാഞ്ച് ഐ.ജി ഇവിടെ നടപടി സ്വീകരിച്ചത്.

എഡിജിപി അനന്തകൃഷ്ണന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പാര്‍ട്ട് മറികടന്ന് നിയമവിരുദ്ധമായി ഉദ്യോഗക്കയറ്റം നല്‍കിയതിനുള്ള ഉപകാര സ്മരണയായാലും, സ്വയം പ്രതിച്ഛായ മിനുക്കാന്‍ സ്വീകരിച്ച നടപടിയായാലും ഇതിലെ വസ്തുതകളും താല്‍പര്യങ്ങളും എന്തുതന്നെയായാലും പുറത്ത് വരിക തന്നെ ചെയ്യും.

കുറ്റവാളി ഐ.ജി ആയാലും മന്ത്രിയായാലും പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാമെന്ന വ്യാമോഹം വേണ്ട. ഇത് കേരളമാണ്. കള്ളനെയും കുള്ളനെയും തിരിച്ചറിയാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.

രാഹുല്‍ പശുപാലും രശ്മിയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ അതിനെ മറയാക്കി വിശുദ്ധനാകാന്‍ ആര് ശ്രമിച്ചാലും അത് സമൂഹം അംഗീകരിക്കില്ല. വെറുതെ ആരെങ്കിലും ഒരു പരാതി നല്‍കിയാല്‍ കേസെടുക്കാന്‍ ചുമതലപ്പെട്ടവരല്ല കോടതികള്‍.

കോടതിക്ക് മുന്നില്‍ വരുന്ന തെളിവുകള്‍ ബോധ്യപ്പെട്ട ശേഷം മാത്രമേ ഇത്തരം നടപടികള്‍ കോടതികള്‍ സ്വീകരിക്കാറുള്ളു.

തൃശൂര്‍ വിജിലന്‍സ് കോടതി ശ്രീജിത്തിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതും ഇപ്പോള്‍ വിജിലന്‍സ് കേസില്‍ പ്രതിയായി നില്‍ക്കുന്നതും കോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ്. അതുപോലെ തന്നെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (1) കോടതി ശ്രീജിത്തിനെതിരെ കേസെടുത്തതും ലഭ്യമായ തെളിവുകള്‍ വച്ചാണ്. ഹൈക്കോടതി 25000 രൂപ പിഴ അടപ്പിച്ചതും മറന്ന് പോകരുത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു കോടതികളും ഇത്തരം നടപടികള്‍ സ്വീകരിക്കാറില്ല.

മന്ത്രി കെ.ബാബുവിനെതിരെ ബാര്‍ കോഴക്കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കാരണമായി വിജിലന്‍സ് പറഞ്ഞത് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ്. ഇക്കാര്യത്തില്‍ മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനാണ് വിജിലന്‍സ് ഇത്തരമൊരു വാദമുയര്‍ത്തിയതെങ്കിലും നടപടിക്രമങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാണ്. കാരണം തെളിവുണ്ടെങ്കില്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റു. ഇനി നിരപരാധിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ അക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ഈ ആനുകൂല്യം രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ലഭിക്കുന്നതാണ്.

ഒരു കുറ്റവാളിയും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുകയുമരുത്.

ഒരു അറസ്റ്റും അഴിമതിക്കഥകളും നെറികേടുകളും മൂടിവയ്ക്കാനുള്ള പരിചയാവാന്‍ പാടില്ല. അത് നാടിന് ആപത്താണ്.

Team Express Kerala

Top