ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി

എസ്ആര്‍ഒയുടെ പുതിയ ദൗത്യം ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി. ജൂലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം. ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി. എന്തെങ്കിലും കാരണത്താല്‍ വിക്ഷേപണം വൈകുകയാണെങ്കില്‍ ജൂലൈ 20 വരെ വിക്ഷേപണം നടത്താന്‍ സമയമുണ്ട്.

ജൂലൈ 14 ന് ഉച്ചക്ക് 2.30നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുക. വിക്ഷേപണത്തിനായി റോക്കറ്റ് തയ്യാറായി. ക്രയോജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേര്‍ത്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അതിനാല്‍ മൂന്നാം ദൗത്യത്തില്‍ ഓര്‍ബിറ്ററില്‍ കാര്യമായ പരീക്ഷണ ഉപകരണങ്ങള്‍ ഇല്ല. ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ലക്ഷ്യം.

ചന്ദ്രയാന്‍ രണ്ടിന്റേതിന് സമാനമായ യാത്രാ പഥമാണ് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയില്‍ നിന്ന് പുറപ്പെട്ട് 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ലാന്‍ഡിംഗ് ശ്രമം. ചന്ദ്രനില്‍ ഒതുങ്ങുന്നതല്ല ഈ വര്‍ഷത്തെ ഇസ്രൊയുടെ സ്വപ്നങ്ങള്‍. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 ദൗത്യം ആഗസ്റ്റില്‍ വിക്ഷേപിക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായ ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണവും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Top