വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ലത്തീൻ സഭ

തിരുവനന്തപുരം:വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ലത്തീൻ സഭ.  കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടാകാനുള്ള കാരണങ്ങൾ വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സ‍ർക്കുലർ വായിച്ചു. പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് സർക്കുലറിലെ വിമർശനം. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ വിമർശിക്കുന്നു.

സർക്കാർ നിസംഗത തുടരുന്നു. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈ എടുക്കണം. ന്യായമായ ആവശ്യം തുടരും വരെ സമരം തുടരാനാണ് തീരുമാനം. തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സ‍ർക്കുലറിലുണ്ട്.

Top