ദി ലാസ്റ്റ് ടു ഡേയ്‌സ് ട്രെയ്‌ലര്‍ പുറത്ത്; റിലീസിങ് ഉടന്‍

സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ‘ദി ലാസ്റ്റ് ടു ഡേയ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. പ്രമുഖ താരനിരയാണ് ട്രെയിലര്‍ റിലീസ് ചെയ്തത് . ദീപക് പറമ്പോള്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, വിനീത് മോഹന്‍, അബു വാളയംകുളം, സുര്‍ജിത്ത്, ഹരികൃഷ്ണന്‍, അജ്മല്‍, അഭിലാഷ് ഹുസൈന്‍, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം, ഒരു പ്രമുഖ നടന്‍ വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ആന്റണി വര്‍ഗ്ഗീസ്, സിജു വിത്സണ്‍, ഗിന്നസ് പക്രു, രമേഷ് പിഷാരടി, അര്‍ജ്ജുന്‍ അശോകന്‍, മാത്യു തോമസ്സ്, നിമിഷ സജയന്‍,അനു സിതാര,നിഖില വിമല്‍,സ്വാസിക തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. സന്തോഷ് ലക്ഷ്മണ്‍, നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

 

Top