വടക്കന്‍ ഗാസയിലെ അവസാന ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു

ജറുസലം: സംഘര്‍ഷം രൂക്ഷമായ വടക്കന്‍ ഗാസാ മുനമ്പിലെ അവശേഷിക്കുന്ന ഏക ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ഇന്ധനക്ഷാമം കഠിനമാവുകയും ഇസ്രയേല്‍ സൈന്യം ആക്രമണം കനപ്പിക്കുകയും ചെയ്തതോടെയാണ് കമാല്‍ അദ്വാന്‍ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിയത്. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.

”ഇസ്രയേല്‍ സൈന്യം തുടര്‍ച്ചയായി ആശുപത്രി ലക്ഷ്യമിട്ട് ആക്രമണം തുടരുകയും ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഇന്ധനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കമാല്‍ അദ്വാന്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു”- ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ മുനിര്‍ അല്‍ ബാര്‍ഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ബെയ്ത് ലഹിയയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി ഇസ്രയേല്‍ സൈന്യം വളയുകയും ആശുപത്രിക്കു നേരെ വ്യാപകമായി വ്യോമാക്രമണവും ബോംബാക്രമണവും നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച രാത്രി മാത്രം നൂറിലധികം മൃതദേഹങ്ങളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇസ്രയേല്‍ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനാല്‍ അവയില്‍ മിക്കവയും സംസ്‌കരിക്കാനായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Top