ഇന്ത്യ മുന്നണിയിലെ വലിയ പാര്‍ട്ടി എന്ന നിലയ്ക്കുള്ള രാഷ്ട്രീയ പക്വത കോണ്‍ഗ്രസ് കാണിക്കുന്നില്ല; സിപിഐഎം

ദില്ലി: ഇന്ത്യ മുന്നണിയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് മതിയായ രാഷ്ട്രീയ പക്വത കാണിക്കുന്നില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയോഗത്തില്‍ വിമര്‍ശനം. മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമ സഭ തെരഞ്ഞെടുപ്പുകളിലെ സാഹചര്യം അവലോകനം ചെയ്യുന്നതിനിടെയാണ് വിമര്‍ശനം. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരസ്യവിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് സിപിഐഎം തീരുമാനം.

രാജസ്ഥാനില്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടി ഒറ്റയ്ക്ക് 17 സീറ്റുകളില്‍ മത്സരിക്കും. തെലങ്കാനയില്‍, ശക്തി കേന്ദ്രമായ ഖമ്മം സീറ്റ് ലഭിച്ചില്ല എങ്കില്‍ ഒറ്റക്ക് മത്സരിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. മറ്റിടങ്ങളില്‍ സ്വാധീനമുള്ള സീറ്റുകളില്‍ ഇടതു പാര്‍ട്ടികള്‍ ഒന്നിച്ചു മത്സരിക്കാനും തീരുമാനമായി.

രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 25 ന് ഒറ്റ ഘട്ടമായി നടക്കും. ഡിസംബര്‍ 3 ന് വോട്ടെണ്ണും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Top