മേനക ഗാന്ധിയുടെ മനം മാറ്റിയ നാട് , അതാണ് മലപ്പുറത്തിൻ മഹാമനസ്സ് !

ലപ്പുറം എന്ന് കേട്ടാല്‍ തന്നെ കലി തുള്ളുന്ന മനസ്സുകളുടെ ഉടമകളാണ് കാവിപ്പട. അതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനുമുണ്ട്. മലപ്പുറം ജില്ലാ രൂപീകരണത്തെ ഏറ്റവും ശക്തമായി എതിര്‍ത്തതും സംഘപരിവാര്‍ സംഘടനകളാണ്. കുട്ടി പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ തന്നെ തെറ്റ് തിരുത്തുന്നവരുമുണ്ട്. അത്തരമൊരു നിലപാടുകാരിയാണ് മേനക ഗാന്ധി.

മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ എം.പിയുമാണ് ഈ ബി.ജെ.പി നേതാവ്. കരിപ്പൂര്‍ വിമാന അപകടത്തില്‍, എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തുകാര്‍ക്കാണ് മേനകയുടെ അഭിനന്ദനം. മുന്‍പ് പാലക്കാട്ട് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തുകാര്‍ക്ക് നേരെ ഉയര്‍ന്ന നാവാണ് ഇപ്പോള്‍ കരുണയുള്ള മലപ്പുറത്തെ മനസ്സും തിരിച്ചറിഞ്ഞിരിക്കുന്നത്. മുന്‍പത്തെ വിമര്‍ശനം വനം വകുപ്പില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന തിരുത്തലും ഇപ്പോള്‍ മേനക നല്‍കിയിട്ടുണ്ട്.

മേനക ഗാന്ധിയെ മാത്രമല്ല സകല സംഘപരിവാര്‍ ദേശീയ നേതാക്കളെയും അത്ഭുതപ്പെടുത്തിയ രക്ഷാപ്രവര്‍ത്തനമാണ് കരിപ്പൂരില്‍ മലപ്പുറത്തുകാര്‍ നടത്തിയിരുന്നത്. കോവിഡ് രോഗികള്‍ വിമാനത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു രക്ഷാപ്രവര്‍ത്തനം. നാട്ടുകാരുടെ സമയോചിതമായ ഈ ഇടപെടല്‍ മൂലം ജീവിതം തിരിച്ചു കിട്ടിയത് അനവധി പേര്‍ക്കാണ്.

ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നിരവധി പേര്‍ക്കാന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാട്ടുകാര്‍ മുതല്‍ മലപ്പുറം കളക്ടറും എസ്.പിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇവരെല്ലാം വൈറസ് ബാധയേറ്റ് ചികിത്സയിലാണ്. ഈ റിസ്‌ക്കിനെയാണ് മേനക ഗാന്ധി അഭിനന്ദിച്ചിരിക്കുന്നത്.

വിമാനം തകര്‍ന്നപ്പോള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയതും നാട്ടുകാരാണ്. മലപ്പുറത്തിന്റെ മഹാമനസ്സ് ലോകത്തിന് മുന്നില്‍ തുറന്ന് കിട്ടിയ സംഭവമാണിത്. രാജ്യത്തിനകത്തും പുറത്തും കൊടുമ്പിരികൊണ്ട, വിവാദങ്ങള്‍ക്കിടയിലായിരുന്നു മലപ്പുറം ജില്ലയുടെ രൂപീകരണവും നടന്നിരുന്നത്.

നാടിന്റെ വികസനം ലക്ഷ്യമിട്ടാണ് 1969ല്‍ അധികാരത്തില്‍ വന്ന സപ്തകക്ഷി സര്‍ക്കാര്‍ ഈ ജില്ലക്ക് രൂപംനല്‍കിയിരുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ഇ എം എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മന്ത്രിസഭയായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്. സിപിഎം, സിപിഐ, മുസ്ലിംലീഗ്, എസ്എസ്പി, ആര്‍എസ്പി, കെടിപി, കെഎസ്പി എന്നീ രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളായിരുന്നു, അന്നത്തെ മന്ത്രിസഭാംഗങ്ങള്‍.

കോഴിക്കോട് ജില്ലയുടെ തെക്ക് ഭാഗത്തും പാലക്കാട് ജില്ലയുടെ വടക്ക് ഭാഗത്തും സ്ഥിതിചെയ്തിരുന്ന പ്രദേശങ്ങള്‍ അക്കാലത്ത് തീര്‍ത്തും വിവിധ കാരണങ്ങളാല്‍ അവികസിതമായിരുന്നു. ആ പ്രദേശങ്ങളുടെ ത്വരിത വികസനത്തിന് പ്രസ്തുത പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജില്ല രൂപീകരിക്കുക എന്നത് ആവശ്യം മാത്രമല്ല അനിവാര്യം കൂടിയാണെന്ന് കണ്ടായിരുന്നു നടപടിയുണ്ടായത്.

പുതിയ ജില്ലക്കെതിരെ വലിയ എതിര്‍പ്രവര്‍ത്തനങ്ങളും യുക്തിക്ക് നിരക്കാത്ത വിമര്‍ശനങ്ങളും അക്കാലത്തുമുണ്ടായി. അതെല്ലാം അവഗണിച്ചാണ് മലപ്പുറം ജില്ല പിറവിയെടുത്തത്. ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ ജില്ല രൂപീകരിക്കാന്‍ തീരുമാനിച്ചത് ആ ലക്ഷ്യം ഒട്ടേറെ ഇതിനകം തന്നെ സാക്ഷാല്‍ക്കരിക്കാനായിട്ടുണ്ട്.

Top