തൊഴില്‍ മേഖലയിലുണ്ടായ നഷ്ടം നികത്താനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതി മൂലം തൊഴില്‍ മേഖലയിലുണ്ടായ നഷ്ടം നികത്താനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ വൈകാതെ നടപ്പാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മുന്നിലെ ആദ്യത്തെ വെല്ലുവിളി എന്നത് പ്രളയത്തില്‍ കുടുങ്ങിയവരെ ജീവനോടെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു. അത് വിജയകരമായി മറികടന്നിരിക്കുകയാണ്. ക്യാമ്പുകളില്‍ അഭയം തേടിയ ജനങ്ങള്‍ക്ക് വാസയോഗ്യമായ താമസസ്ഥലങ്ങള്‍ ഒരുക്കിയെടുക്കുക എന്നതാണ് അടുത്ത ഘട്ടം.

കാര്‍ഷിക, നിര്‍മ്മാണ, പരമ്പരാഗത മേഖലകളിലെല്ലാം വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാലാവസ്ഥ പൂര്‍വസ്ഥിതിയാലാകുന്നതോടെ ഈ മേഖലകള്‍ വീണ്ടും സജീവമാകുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ അനുകൂലമായാല്‍ കാര്‍ഷിക-പരമ്പരാഗത മേഖലകളില്‍ പെട്ടെന്ന് തന്നെ മാറ്റം കൊണ്ടു വരാന്‍ സാധിക്കുമെന്നും നിലവിലുണ്ടായിരുന്ന തൊഴില്‍ മേഖലകള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്‌ പ്രധാനമെന്നും മന്ത്രി അറിയിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ ഒറ്റക്കെട്ടായി നാം മുന്നോട്ട് പോകാനാരംഭിക്കുന്നതോടെ ശക്തമായി തിരിച്ചു വരാന്‍ നമുക്കാവും എന്ന് ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്‍കുന്ന നയങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. പ്രളയത്തില്‍ അകപ്പെട്ട എല്ലാവര്‍ക്കും ചെറുതെങ്കിലും സുരക്ഷിതമായ വീടുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചു. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വലിയ പ്ലാനുകള്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനോടൊപ്പം ഹ്രസ്വകാല പദ്ധതികള്‍ക്ക്‌ പ്രാധാന്യം നല്‍കി അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Top