ചികിത്സാ നിയമത്തില്‍ സുപ്രധാന ഭേദഗതികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത്: ചികിത്സാ നിയമത്തില്‍ സുപ്രധാന മാറ്റങ്ങളടങ്ങിയ കരട് രേഖ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കി.

രാജ്യത്ത് ആരോഗ്യ ജീവനക്കാര്‍ക്ക് നേരെയുള്ള കൈയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയം കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് ഡോക്ടര്‍മാരെ കൈയേറ്റം ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയുമാണ് ശിക്ഷ.

അസഭ്യം പറഞ്ഞാല്‍ ആറ് മാസം തടവും 1000 ദിനാര്‍ പിഴയും ശിക്ഷയും, ജോലി തടസ്സപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും ലഭിക്കുന്ന വിധത്തിലാണ് നിയമഭേദഗതി.

ആശുപത്രി ജീവനക്കാര്‍ നിരന്തരം കൈയേറ്റത്തിനിരയായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച നിയമം ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ മന്ത്രിയെ സമീപിച്ച് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള കൈയേറ്റം ആരോഗ്യ മന്ത്രാലയത്തിനും മന്ത്രിക്കും നേരെയുള്ള കൈയേറ്റമായി കണക്കാക്കി കടുത്ത ശിക്ഷ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

പുതിയ നിയമപ്രകാരം രോഗികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.

ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ അര്‍ധനഗ്‌നദൃശ്യങ്ങള്‍ ഡോക്ടര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് രാജ്യത്ത് വലിയ വിവാദമായിരുന്നു.

നൂതന ശസ്ത്രക്രിയ സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനാണ് താന്‍ ഇത് ചെയ്തതെന്ന ഡോക്ടറുടെ വാദം പാതി അംഗീകരിച്ച് ഇയാള്‍ക്ക് ചെറിയ ശിക്ഷയും നല്‍കിയിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നിയമപരിരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നത്.

ലൈസന്‍സില്ലാതെ ചികിത്സിക്കുകയോ ക്ലിനിക്കോ മറ്റു ചികിത്സാ സ്ഥാപനങ്ങളോ നടത്തുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും ഭേദഗതി ശുപാര്‍ശ ചെയ്യുന്നു.

അമ്മയുടെ ആരോഗ്യത്തിന് ഹാനികരമല്ലെങ്കില്‍ ഗര്‍ഭം അലസിപ്പിക്കുന്നതും നിരോധിച്ചു.

അതേസമയം, ബലാത്സംഗത്തിലൂടെയാണ് ഗര്‍ഭധാരണമെങ്കില്‍ സ്ത്രീയുടെ സമ്മതത്തോടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമുണ്ട്.

Top