കുതിരാന്‍ തുരങ്കപാത ഉടന്‍ തുറക്കും

തൃശൂര്‍: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം യാത്രയ്ക്കായി ഉടന്‍ തുറന്നുകൊടുക്കും. വാഹനങ്ങള്‍ കടത്തിവിടാന്‍ ആണ് ഉത്തരവ്. ഉദ്ഘാടനം പിന്നീട് നടത്തും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രഖ്യാപനം നടത്തിയത്.

കുതിരാന്‍ മലയില്‍ നിര്‍മ്മിച്ച ഇരട്ട തുരങ്കങ്ങളില്‍ ഒന്നാണ് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി തുറന്നുകൊടുക്കുന്നത്. രണ്ടാം തുരങ്കം പൂര്‍ത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനമുണ്ടാകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇന്നുതന്നെ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ അനുമതി നല്‍കി.

കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ തൃശൂര്‍ ഭാഗത്തേക്കുളള ഇടത് തുരങ്കമാണ് തുറക്കുന്നത്. തുരങ്കം ഓഗസ്റ്റ് ഒന്നിനോ അതിനു മുന്‍പോ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുന്‍പ് അറിയിച്ചിരുന്നു. കരാറെടുത്ത കമ്പനിയും തുരങ്ക നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി അറിയിച്ചിരുന്നു. തുടര്‍ന്ന് ദേശീയ പാത അധികൃതര്‍ തുരങ്കം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുരങ്കം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്.

Top