വിദഗ്ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തയുള്ള കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടന. രാഷ്ട്രീയക്കാരെ ഒഴിവാക്കി പ്രൊഫഷണലുകളെ മാത്രം ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറായി തുടരും, ബോര്‍ഡ് അംഗങ്ങളായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍ ഐ.പി.എസ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, ഗതാഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയില്‍വെ ബോര്‍ഡ് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചത്.

കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും, റെയില്‍വെ ബോര്‍ഡ് പ്രതിനിധിയേയും നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് അനുസരിച്ചു അവരുടെ പേര് ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കും.

Top