ചരിത്ര പ്രാധാന്യമുള്ള കിന്റണ്‍ ഫാര്‍മസിയില്‍ മോഷണം ; അന്വേഷണം ആരംഭിച്ചു

ബ്രിട്ടന്‍: ബ്രിട്ടനിലെ ബക്കിംഗ്ഹാംഷയറിലെ ഗ്രേറ്റ് മിസെന്‍ഡെനിലുള്ള ചരിത്ര പ്രാധാന്യമുള്ള കിന്റണ്‍ ഫാര്‍മസിയില്‍ മോഷണം . അടുത്ത ഷോപ്പിന് മുന്നില്‍ നിന്നും ഒരു ചെടിച്ചട്ടി പൊക്കിയെടുത്ത് ഫാര്‍മസിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത ശേഷമാണ് മോഷ്ടാവ് കൊള്ള നടത്തിയത്. പണമടങ്ങിയ രണ്ട് ടില്ലുകളും, ഒരു ഐപാഡുമാണ് ഇവര്‍ മോഷ്ടിച്ചത്. ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ളതാണ് കിന്റണ്‍ ഫാര്‍മസി.

ചില്ല് തകര്‍ത്ത ശേഷം ഷോപ്പിലേക്ക് വന്ന മോഷ്ടാവ് കൗണ്ടറിലെ ടില്ലുകളാണ് ലക്ഷ്യം വെച്ചത്. ജനലിന് സമീപത്തേക്ക് ടില്ലുകള്‍ വലിച്ചിഴച്ച് കൊണ്ടെത്തിച്ച ശേഷം, പുറത്ത് കാത്തുനിന്ന സ്ത്രീ കാറില്‍ നിന്നും ഇറങ്ങി ഇവ പിന്‍സീറ്റില്‍ നിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിരികെ ഓടിയെത്തുന്ന മോഷ്ടാവ് ഐപാഡ് കൈക്കലാക്കി തിരികെ എത്തിയ ശേഷം വാഹനവുമായി കടക്കുകയായിരുന്നു. ആഗസ്റ്റ് 9ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വംശജരായ റോണക് പട്ടേലും, ഭാര്യ ജാന്‍സി പട്ടേലും, മറ്റൊരു വ്യക്തിയും ചേര്‍ന്ന്‌ ഫാര്‍മസി വാങ്ങിയത്. 1700കളില്‍ സ്ഥാപിതമായ ഫാര്‍മസിയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്. ഫാര്‍മസികള്‍ വെട്ടിക്കുറയ്ക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെ ഒരു മോഷണം നടത്തിയതെന്ന് റോണക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. തെയിംസ് വാലി പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Top