തട്ടിക്കൊണ്ടുപോയ സ്വകാര്യ പണമിടപാടുകാരനെ ഒരു കോടി നല്‍കി മോചിപ്പിച്ചു

ഹൈദരാബാദ്: തട്ടിക്കൊണ്ടുപോയ സ്വകാര്യ പണമിടപാടുകാരനെ ഒരു കോടി രൂപ നല്‍കി മോചിപ്പിച്ചു. ഗജേന്ദ്ര പരാഖ് എന്ന പണമിടപാടുകാരനെയാണ് ബന്ധുക്കള്‍ ഒരു കോടി രൂപ നല്‍കി മോചിപ്പിച്ചത്.

ഞായറാഴ്ച രാത്രി 11 ന് ആണ് പരാഖിനെ മുഖംമൂടി ധരിച്ച നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.നഗരത്തില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ മാറി ഗോഡൗണിലേക്കാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. പിന്നീട് പരാഖിന്റെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നുകോടി രൂപ ആവശ്യപ്പെട്ട സംഘം പണം നല്‍കിയില്ലെങ്കില്‍ പരാഖിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. എന്നാല്‍ ഒരു കോടി രൂപയ്ക്കു പരാഖിനെ വിട്ടയക്കാന്‍ ഒടുവില്‍ തട്ടിക്കൊണ്ടുപോയവര്‍ സമ്മതിച്ചു.

ബന്ധുക്കള്‍ പണം കൈമാറിയതിനെ തുടര്‍ന്ന് പരാഖിനെ വിട്ടയക്കുകയും ചെയ്തു. മര്‍ദനത്തില്‍ കൈയ്ക്കും കണ്ണിനും പരിക്കേറ്റ പരാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top