ഭക്ഷണവും സംരക്ഷണവും നൽകിയ കാക്കിയുടെ കൈക്ക് തന്നെ കടിച്ചു !

ന്ദികാട്ടിയില്ലങ്കിലും, അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തോട് ഒരിക്കലും, നന്ദികേട് കാണിക്കരുത്.

തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് സംഘടിച്ചതും, പൊലീസിനെ ആക്രമിച്ചതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അന്നം തന്ന കൈക്ക് തന്നെ കടിയ്ക്കുന്ന ഏര്‍പ്പാടാണിത്. അന്യ സംസ്ഥാന തൊഴിലാളികളുടെ കല്ലേറില്‍ സി.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഹോളോബ്രിക്‌സ് കട്ടകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

മൂന്ന് മണിക്കൂറോളം നീണ്ട സംഘര്‍ഷം ഉന്നത പൊലീസ് സംഘമെത്തിയാണ് ഒടുവില്‍ നിയന്തണത്തിലാക്കിയിരുന്നത്.

ഒരു വിഭാഗം തൊഴിലാളികള്‍ ചെയ്യുന്ന ഈ തെറ്റ് മറ്റുള്ളവരും ആവര്‍ത്തിച്ചാല്‍, സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും. അതിനാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാറും തയ്യാറാകണം.

അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുന്നവരാണ് മലയാളികള്‍.

ഈ നാട്ടില്‍ കിട്ടുന്ന പരിഗണന, മറ്റൊരു സംസ്ഥാനത്തും അതിഥി തൊഴിലാളികള്‍ക്ക് കിട്ടുകയില്ല. അതാണ് കേരളത്തിന്റെ നന്മ.
അന്നം വിളമ്പിയ കൈക്ക് തന്നെയാണ് ഇവിടെ ആക്രമണമേറ്റിരിക്കുന്നത്.

പരമ്പരാഗത പൊലീസിങ്ങ് മാറ്റി നിര്‍ത്തി, സേവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുന്നവരാണ് കേരളത്തിലെ പൊലീസുകാര്‍.

‘ഒരു വയറൂട്ടാം’ എന്ന പദ്ധതിയിലൂടെ ഭക്ഷണവുമായി തെരുവിലിറങ്ങിയവരാണ് ഈ കാക്കിപ്പട. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പാവങ്ങള്‍, ഈ സ്‌നേഹ സ്പര്‍ശം ഏറ്റു വാങ്ങിയിട്ടുണ്ട്.

ഡി.ജി.പിയും ഐ.ജിയും ഉള്‍പ്പെടെയുള്ള ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പോലും, സ്വന്തം പദവികള്‍ മറന്നാണ് ഭക്ഷണപ്പൊതികളുമായി റോഡിലിറങ്ങിയിരുന്നത്. ഇതാകട്ടെ വലിയ സന്ദേശമാണ് നാടിനും നല്‍കിയിരുന്നത്. അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാന്‍, നിരന്തരം ക്യാംപുകള്‍ സന്ദര്‍ശിച്ചും ഭക്ഷണം ഉറപ്പു വരുത്തിയും മടങ്ങിയതും കാക്കിപ്പടയാണ്.

എസ്.പിമാരും ഡി.ഐ.ജിമാരും നേരിട്ട് നടത്തിയ ഈ ഇടപെടല്‍ ഏറെ ഫലപ്രദമായിരുന്നു. എന്നാല്‍, ഇപ്പോള്‍ തലസ്ഥാനത്തുണ്ടായ ആക്രമണം ഈ ഒത്തൊരുമയ്ക്ക് വിരുദ്ധമാണ്. ആരുടെ പ്രേരണയില്‍ നടന്ന പ്രതിഷേധമാണെങ്കിലും, നടപടി അനിവാര്യമാണ്. മുന്‍പ് കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചത് മറ്റു ചിലരായിരുന്നു. അവരുടെ ഉദ്ദേശ്യം ഈ നാടിനും ബോധ്യപ്പെട്ടിട്ടുള്ളതാണ്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഉള്‍പ്പെടെ വീണ്ടും അതിഥി തൊഴിലാളികളെ ഇളക്കിവിടാനും ശ്രമം നടക്കുകയുണ്ടായി. ഇപ്പോഴും ഇത്തരം കുത്തി തിരുപ്പുമായി ദേശദ്രോഹികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ പൊതു സമൂഹവും ശ്രമിക്കണം.

ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവര്‍ പ്രകോപിതരായാല്‍ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ലംഘിക്കപ്പെടുക. ഒരു കാരണവശാലും അത് വകവെച്ച് കൊടുക്കാന്‍ നമുക്ക് കഴിയുകയില്ല.

വിശപ്പിന്റെ വിളി കൊണ്ടല്ല, വീട്ടിലെത്താനുള്ള ആഗ്രഹം കൊണ്ടാണ്, നാട് പിടിക്കാന്‍ അതിഥി തൊഴിലാളികള്‍ ശ്രമിക്കുന്നത്.

ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, ഇവര്‍ക്കാര്‍ക്കും കേരളത്തിലില്ല. അതിന്റെ വില അറിയണമെങ്കില്‍ ബഹളമുണ്ടാക്കുന്നവര്‍ കേരള അതിര്‍ത്തി വിടണം. അപ്പോള്‍ അനുഭവിച്ച് അറിയാന്‍ കഴിയും, ഏതാണ് യഥാര്‍ത്ഥ ദുരിതമെന്നത്.

ഭക്ഷണ പൊതിയുമായി പൊലീസോ, കമ്മ്യൂണിറ്റി കിച്ചനുമായി സര്‍ക്കാറുകളോ ഒന്നും മറ്റിടങ്ങളില്‍ കാണില്ല.

സ്വര്‍ഗ്ഗത്തില്‍ നിന്നും നരകത്തിലെത്തുന്ന അവസ്ഥയാണ്, നിങ്ങളില്‍ മിക്കവരേയും നിലവില്‍ കാത്തിരിക്കുന്നത്.

ഈ മഹാമാരിക്കിടയിലും അതിഥിത്തൊഴിലാളികള്‍ അത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും മടങ്ങുക തന്നെ വേണം.

വൈറസില്‍ നിന്നും പ്രതിരോധവും, പിന്നെ ജോലിയും, ഭക്ഷണവും, താമസവും മാത്രമേ കേരളത്തിന് നല്‍കാന്‍ കഴിയൂ. അതല്ലാതെ, നിങ്ങളുടെയെല്ലാം വീടുകള്‍ ഇവിടേക്ക് പറത്തി കൊണ്ടുവരാന്‍ കഴിയുകയില്ല.

അതു കൊണ്ട് തന്നെയാണ് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, കേരളവും അവസരമൊരുക്കിയിരിക്കുന്നത്.

അതിഥി തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ ട്രെയിന്‍ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട സംസ്ഥാനമാണ് കേരളം.

മടങ്ങുന്നവരെ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചതും സൗജന്യമായാണ്. യാത്രയയക്കാന്‍ മന്ത്രിയും, കളക്ടറും, എസ്.പിയുമെല്ലാം എത്തിയതും വേറിട്ട കാഴ്ചയായിരുന്നു.

യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണപ്പൊതികളും സര്‍ക്കാര്‍ നല്‍കുകയുണ്ടായി. മറ്റൊരു സംസ്ഥാനത്ത് നിന്നും ലഭിച്ച മോശമായ ഭക്ഷണപ്പൊതി, വലിച്ചെറിയേണ്ടിവന്നപ്പോഴാണ് കേരളത്തിന്റെ രുചി പോലും, അതിഥി തൊഴിലാളികള്‍ ശരിക്കും തിരിച്ചറിഞ്ഞിരിക്കുന്നത്.

അനവധി പേരാണ് ഇതിനകം തന്നെ ബീഹാര്‍,മധ്യപ്രദേശ്, ഒറീസ, യു.പി, അസം, സംസ്ഥാനങ്ങളിലേക്കായി കേരളത്തില്‍ നിന്നും മടങ്ങിയിരിക്കുന്നത്. ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ഘട്ടം ഘട്ടമായി മാത്രമേ അതിഥി തൊഴിലാളികളുടെ മടക്കം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. അതല്ലാതെ, സംഘര്‍ഷമുണ്ടാക്കിയിട്ട്് ഒരു കാര്യവുമില്ല.

റെയില്‍വേ മന്ത്രി പിണറായി വിജയനല്ലന്നതും, അതിഥി തൊഴിലാളികള്‍ ഓര്‍ക്കണം. അനുവദിക്കുന്ന ട്രയിനില്‍ മാത്രമേ തൊഴിലാളികളെ മടക്കി അയക്കാന്‍ കഴിയൂ. അതും എത്തിചേരേണ്ട സംസ്ഥാനങ്ങളുടെ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം മാത്രമാണ്.

പശ്ചിമ ബംഗാള്‍, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍, എന്തുകൊണ്ട് ക്ലിയറന്‍സ് നല്‍കുന്നില്ലന്നതും പരിശോധിക്കേണ്ടതുണ്ട്.

കേരളത്തില്‍ ബഹളമുണ്ടാക്കുന്നവര്‍, സ്വന്തം സംസ്ഥാനങ്ങളോടാണ് ഈ ചോദ്യങ്ങള്‍ ഇനി ചോദിക്കേണ്ടത്.

ക്ലിയറന്‍സ് ലഭിക്കാത്തത് കൊണ്ടു മാത്രം, നിരവധി ട്രെയിനുകള്‍ കേരളത്തില്‍ നിന്നും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിതരുടെ മരണനിരക്കില്‍ മുന്‍ നിരയിലാണ് പശ്ചിമ ബംഗാളിന്റെ സ്ഥാനം.കൈവിട്ട് പോയ സാഹചര്യമാണ് അവിടെയുള്ളത്.മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്.

ഇവിടങ്ങളിലേക്ക് മടങ്ങാനാണ് ഒരു വിഭാഗം തൊഴിലാളികള്‍ കേരളത്തില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന് പറയേണ്ടത് ഇതിനെയൊക്കെയാണ്.

Express View

Top