കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി ജെ.ഡി.യു കേരള ഘടകം

തിരുവനന്തപുരം: ബിഹാറില്‍ മഹാസഖ്യത്തെ പിളര്‍ത്തി ജെ.ഡി.യു ബി.ജെ.പിയുമായി ചേര്‍ന്നതോടെ കേരള ഘടകം കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു.

കേരള ഘടകം നേതാവ് വീരേന്ദ്രകുമാര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ സംസ്ഥാന ഭാരവാഹി യോഗം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഷെയ്ക് പി ഹാരിസ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ബിഹാറിലെ മഹാസഖ്യം തകര്‍ന്നത്. സഖ്യവുമായി മുന്നോട്ടുപോകാനാവില്ലെന്നും രാജിവെക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് ബി ജെ പി പിന്തുണയില്‍ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

നിതീഷ് കുമാര്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് കേരള ഘടകത്തെയാണ്.

നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിതീഷ് കുമാറിന്റെ തീരുമാനത്തോട് കേരള ഘടകം പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് വീരേന്ദ്രകുമാറിന് സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ നിതീഷ് കുമാര്‍ അനുമതി നല്‍കിയതായി വിശദീകരിച്ചായിരുന്നു കേരള ഘടകം പ്രതിസന്ധി മറികടന്നത്.

Top