ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത് ഇടതുപക്ഷത്തിന്റെ കേരള മോഡല്‍ ! !

കേരള സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ പഠിക്കാന്‍ ദേശീയ രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറെടുക്കുന്നു. ഇടതുപക്ഷ സര്‍ക്കാറിനെതിരെ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലും എല്ലാം ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്ന സൂചനകളാണ് പല പ്രമുഖ മാധ്യമങ്ങളും പുറത്ത് വിട്ടിരുന്നത്. പ്രതിപക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ്സിനെ പോലെ തന്നെ ബി.ജെ.പി ദേശീയ നേതൃത്വവും കരുതിയിരുന്നത്. മുഖ്യമന്ത്രി പര്യടനം നടത്താതിരുന്നത് തോല്‍വി തിരിച്ചറിഞ്ഞാണെന്ന വിലയിരുത്തലും ശക്തമായിരുന്നു. കൂടാതെ മാധ്യമങ്ങളും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വലച്ച് കീറി ഒട്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി തന്നെ ആരോപണത്തിന്റെ മുള്‍മുനയിലായി. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു മന്ത്രിയെ തന്നെ കേന്ദ്ര ഏജന്‍സികള്‍ നിരവധി വട്ടം ചോദ്യം ചെയ്തു. ഇതെല്ലാം ദേശീയ തലത്തിലും കത്തിപ്പടര്‍ന്ന വിവാദങ്ങളാണ്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് വലിയ വിജയം ഇടതുപക്ഷം നേടിയതാണ് ദേശീയ നേതാക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ജനക്ഷേമ പദ്ധതികള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നതാണ് രാഹുല്‍ ഗാന്ധി പോലും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് കാരണം നേതൃതല വീഴ്ചകള്‍ മാത്രമല്ല സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ കൂടിയാണെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. ഇക്കാര്യം അദ്ദേഹം പരാതി പറയാന്‍ വിളിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി ദേശീയ നേതൃത്വവും കേരളത്തിലെ ജനവിധിയെ ഗൗരവമായാണ് വീക്ഷിക്കുന്നത്. ബംഗാള്‍ ഇത്തവണ പിടിക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി തമിഴ് നാട്ടില്‍ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ ശക്തമായ സാമുദായിക ധ്രുവീകരണത്തിനും പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ബി.ജെ.പിക്കും നല്‍കുന്ന സൂചന. പ്രതിസന്ധികള്‍ക്ക് മേല്‍ ഇടതുപക്ഷം നേടിയ വിജയം ജനക്ഷേമ പദ്ധതികള്‍ തന്നെയാണെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്. ഈ പദ്ധതികളില്‍ പലതും കേന്ദ്രം വകയാണെന്ന ബി.ജെ.പി പ്രചരണം അഴിച്ച് വിട്ട് വീണ്ടും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് ഈ പ്രചരണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. കേന്ദ്ര മന്ത്രിമാരും മുന്‍മന്ത്രിയുമടക്കം ഇത് ഏറ്റുപിടിക്കുന്നുമുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണവും ലൈഫ് ഭവനപദ്ധതിയുമൊക്കെ കേന്ദ്രത്തിന്റെ പദ്ധതിയാണെന്നാണ് അവകാശവാദം. യഥാര്‍ത്ഥ വസ്തുത മറച്ച് പിടിച്ചാണ് ഈ പ്രചരണം. നിലവില്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതു പോലുള്ള പദ്ധതികള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. നാലര വര്‍ഷത്തില്‍ കേരളം ക്ഷേമ പെന്‍ഷനുകള്‍ക്കായി നീക്കിവച്ചത് 31,327 കോടി രൂപയാണ്. ഇതില്‍ കേന്ദ്രത്തിന്റെ പണം 3,218 കോടിമാത്രമാണെന്നതും ഓര്‍ക്കണം. 28,109 കോടിയും സംസ്ഥാനം സ്വയം കണ്ടെത്തിയതാണ്.

ദേശീയ സാമൂഹ്യ സഹായ പദ്ധതിയില്‍ വാര്‍ധക്യകാല പെന്‍ഷനായി 14.9 ലക്ഷം പേര്‍ക്ക് കേന്ദ്രം അനുവദിക്കുന്നത് 300 മുതല്‍ 500 രൂപവരെ മാത്രമാണ്. ബാക്കി 900 മുതല്‍ 1,100 രൂപവരെ സംസ്ഥാന ഖജനാവില്‍ നിന്നാണ് നല്‍കുന്നത്. ഒരു രൂപ കേന്ദ്ര സഹായമില്ലാതെ 37.5 ലക്ഷം പേര്‍ക്ക് 1,400 രൂപ വീതവും മാസം സംസ്ഥാനം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയെ പേരുമാറ്റി ലൈഫ് മിഷനാക്കിയെന്നാണ് മറ്റൊരു പ്രചാരണം. ഇതും ശരിയല്ല നഗരങ്ങളില്‍ ഒരു വീടിന് 1,50,000 രൂപയും ഗ്രാമങ്ങളില്‍ 72,000 രൂപയും മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. സംസ്ഥാനം നല്‍കുന്നതാകട്ടെ നാലു ലക്ഷം രൂപയാണ്. 2,38,568 വീടുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതുവരെ 8,000 കോടിയിലേറെ രൂപ ചെലവിട്ട പദ്ധതിയില്‍ കേന്ദ്ര വിഹിതമായി എത്തിയത് 881 കോടി മാത്രമാണ്. ഒരു കിലോ നെല്ലിന് കേന്ദ്രം നല്‍കുന്നത് 18.68 രൂപയാണ്.

എന്നാല്‍ 8.80 രൂപ കൂടി ചേര്‍ത്ത് 27.48 രൂപയ്ക്കാണ് കേരളത്തില്‍ നെല്ല് സംഭരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ വരുമ്പോള്‍ ഇത് 21.50 രുപയായിരുന്നു എന്നതും ഓര്‍ക്കണം. മഞ്ഞ റേഷന്‍ കാര്‍ഡ് വിഭാഗത്തില്‍ 5.92 ലക്ഷത്തിനും പിങ്ക് കാര്‍ഡ് വിഭാഗത്തിന് 31.51 ലക്ഷത്തിനുമാണ് കേന്ദ്ര സഹായമുള്ളത്. എന്നാല്‍ നീല കാര്‍ഡ് വിഭാഗത്തിലെ 25.04 ലക്ഷം പേര്‍ക്കും സംസ്ഥാന സബ്സിഡിയിലാണ് സംസ്ഥാനം റേഷന്‍ നല്‍കി വരുന്നത്. ദേശീയപാത 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാനം നല്‍കുന്നത് 6006.86 കോടി രൂപയാണ്. മറ്റൊരു സംസ്ഥാനവും ഇത്തരം വിഹിതം നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജലജീവന്‍ മിഷന്റെ പകുതി ചെലവ് വഹിക്കുന്നതും സംസ്ഥാന സര്‍ക്കാറാണ്. കേന്ദ്ര വിഹിതം 248.76 കോടി രൂപയില്‍ 101.29 കോടി മാത്രമാണ് ലഭിച്ചത്. 227.58 കോടി സംസ്ഥാന വിഹിതമായാണ് അനുവദിച്ചിരിക്കുന്നത്.

ഓഖി ദുരന്തത്തെ തുടര്‍ന്ന് 7,340 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അനുവദിച്ചതാകട്ടെ 111.7 കോടി മാത്രമാണ്. 2018ലെ പ്രളയത്തെ തുടര്‍ന്ന് 5,616 കോടിയുടെ അടിയന്തര സഹായം തേടിയപ്പോള്‍ നല്‍കിയത് 2,904.85 കോടിയാണ്. 2019ലെ പ്രളയ സമയത്ത് ഒരു സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേന്ദ്രപദ്ധതികളുടെ ഘടന മാറ്റിയതും എണ്ണം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്. പല പദ്ധതികളുടെയും 60 ശതമാനത്തിന് മുകളിലായിരുന്ന കേന്ദ്ര വിഹിതം 40 ശതമാനമാക്കി കുറക്കുകയാണ് ചെയ്തത്. നിതി ആയോഗ് ഉപസമിതിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്രപദ്ധതി 26 എണ്ണം മാത്രമാണ് നിലവിലുള്ളത്. മുമ്പ് 181 പദ്ധതി വരെയാണുണ്ടായിരുന്നത്.

കേന്ദ്രവിഹിതം 90 ശതമാനം ലഭിക്കുന്ന കോര്‍ ഓഫ് ദ കോര്‍ പദ്ധതി ഇപ്പോള്‍ വെറും ആറെണ്ണം മാത്രമാണുള്ളത്. 60 ശതമാനം വിഹിതം ലഭിക്കുന്ന കോര്‍ പദ്ധതി 20 എണ്ണമാണുള്ളത്. നേരത്തേ 75ഉം 80ഉം ശതമാനം വരെ കേന്ദ്ര വിഹിതമുള്ള പദ്ധതികളായിരുന്നു ഇവയെല്ലാം. 50 ശതമാനം വീതം കേന്ദ്ര–സംസ്ഥാന വിഹിതം ലഭിക്കുന്ന പദ്ധതികള്‍ രണ്ടെണ്ണം മാത്രമാണിപ്പോള്‍ നിലവിലുള്ളത്. ഇക്കാര്യങ്ങളെല്ലാം തെളിവ് സഹിതം നിരത്തിയാണ് ഇടതുപക്ഷം ബി.ജെ.പിക്ക് മറുപടി നല്‍കി വരുന്നത്. കേന്ദ്രം വരിഞ്ഞ് മുറുക്കിയിട്ടും ആ കെട്ടുകള്‍ പൊട്ടിച്ച് പിണറായി സര്‍ക്കാര്‍ മുന്നേറിയതാണ് പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാന ഭരണകൂടങ്ങളെയും ഇപ്പാള്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

Top