കശ്‍മീർ ഫയൽസ് ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചർച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദ് കശ്മീർ ഫയൽസ്  ഒടിടി റിലീസിന് ഒരുങ്ങുന്നു. മാർച്ച് 11 ന് തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട സിനിമയാണിത്. രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൻറെ കഥ പറഞ്ഞ ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റ് ആണ്. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമർശിച്ച് കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോൺഗ്രസ് വിമർശനം. ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വർഗീയത അംഗീകരിക്കാൻ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. എഴുത്തുകാരൻ അശോക് സ്വെയ്‍ൻ, നടി സ്വര ഭാസ്കർ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു.

മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൻറെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളിൽ മാത്രമായിരുന്നു. എന്നാൽ വിതരണക്കാരെയും തിയറ്റർ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷൻ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീൻ കൗണ്ട് വലിയ രീതിയിൽ വർധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിൻറെ പ്രദർശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ തിയറ്റർ കൗണ്ട് 4000 ആയും വർധിച്ചിരുന്നു. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ, ആമിർ ഖാൻ നായകനായ ദംഗലിനെ (Dangal) എട്ടാം ദിന കളക്ഷനിൽ മറികടക്കുകയും ചെയ്‍തിരുന്നു ചിത്രം. ദംഗലിൻറെ എട്ടാംദിന കളക്ഷൻ 18.59 കോടി ആയിരുന്നെങ്കിൽ കശ്‍മീർ ഫയൽസ് ഇതേ ദിനത്തിൽ നേടിയിരിക്കുന്നത് 19.15 കോടി ആയിരുന്നു.

അതേസമയം ചിത്രത്തിൻറെ അണിയറക്കാർ പുതിയൊരു പ്രോജക്റ്റിനു വേണ്ടിയും ഒന്നിക്കുകയാണ്. ദ് കശ്മീർ ഫയൽസ് നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്സും ഐ ആം ബുദ്ധ പ്രൊഡക്ഷനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തേജ് നാരായൺ അഗർവാൾ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് അഗർവാൾ, കശ്‍മീർ ഫയൽസ് സംവിധായകൻ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവർ ചേർന്നാണ്.

Top