കോൺഗ്രസ് പാർട്ടിയുടെ ട്വിറ്റർ മരവിപ്പിച്ച നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനെ തുടർന്നാണ് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ സിവിൽ കോടതി ഉത്തരവിട്ടത്. പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബം​ഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്. കോൺ​ഗ്രസിന്‍റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം.

ഭാരത് ജോ‍ഡോ യാത്രക്കിടെ രാഹുൽ​ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ രാഹുലിനെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ കെജിഎഫ് 2 സിനിമയിലെ ​ഗാനത്തിന്റെ പശ്ചാത്തല സം​ഗീതം കൂടി ചേർത്ത് കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകളിലൂടെയും എ ഐ സി സി ജനറൽ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മ്യൂസിക് കമ്പനി കോടതിയിൽ ഹർജി നൽകിയത്. പിന്നാലെ, തൽക്കാലത്തേക്ക് കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ കോടതി ഉത്തരവിറക്കുകയായിരുന്നു.

സിവിൽ കോടതി ഉത്തരവ് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് കോൺ​ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. സിവിൽ കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. അനീതിയാണ് നടന്നതെന്നും തങ്ങളുടെ ഭാ​ഗം കേൾക്കാതെയാണ് കോടതി ഉത്തരവെന്നും കോൺ​ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കെജിഎഫ് 2 ലെ പാട്ടിന്റെ കൃത്യമായ പകർപ്പ് അവകാശമോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു നീക്കം നടത്തിയത് അം​ഗീകരിക്കാനാകില്ലെന്നാണ് മ്യൂസിക് കമ്പനിയുടെ നിലപാട്.

Top