രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായ വകുപ്പ് നട്ടെല്ല് വളക്കില്ലെന്ന് യു.എസ് അറ്റോണി ജനറല്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത മറുപടിയുമായി യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ്. രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായ വകുപ്പ് നട്ടെല്ല് വളക്കില്ലെന്ന് ജെഫ് സെഷന്‍സ് പറഞ്ഞു.യു.എസ് ജസ്റ്റിസ് വകുപ്പിന് മേല്‍ ജെഫ് സെഷന്‍സിന് നിയന്ത്രണമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിനാണ് സെഷന്‍സ് മറുപടി പറഞ്ഞത്.

2016ലെ യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണമാണ് ട്രംപിനെ അറ്റോണി ജനറലിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. അധികാരമേറ്റെടുത്ത ദിവസം മുതല്‍ വകുപ്പിന് മേല്‍ തനിക്ക് നിയന്ത്രണമുണ്ടെന്നും രാഷ്ട്രീയ നേതൃത്വത്തിന് വകുപ്പിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ അവസരം നല്‍കില്ലെന്നും ജെഫ് സെഷന്‍സ് പറഞ്ഞു.

ഉയര്‍ന്ന നിലവാരം താന്‍ എക്കാലവും ആഗ്രഹിക്കുന്നുണ്ട്. വകുപ്പില്‍ നിന്ന് അതുണ്ടായില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകും, നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പിലെ ഉദ്യോഗസ്ഥനായ റോബര്‍ട്ട് മുള്ളറാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ട്രംപിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല.

Top