സിദ്ദീഖ് കാപ്പന്റെയടക്കം നാല് പേരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ഡല്‍ഹി: ഹാത്രാസിലേക്കുള്ള യാത്രക്കിടയില്‍ യുപി പൊലീസ് പിടികൂടി ദേശദ്രോഹ കുറ്റം ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നവംബര്‍ രണ്ടു വരെ നീട്ടി.

14 ദിവസത്തെ ആദ്യ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി തീര്‍ന്ന മുറക്കാണ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഞ്ജു രാജ്പുത് മുമ്ബാകെ നാലു പേരെയും ഹാജരാക്കിയത്.

രാജ്യദ്രോഹ, യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകളില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന വിശദീകരണത്തോടെയാണ് കസ്റ്റഡി നീട്ടിയത്. സിദ്ദീഖ് കാപ്പനും അതീഖുര്‍ റഹ്മാന്‍, മസൂദ്, ആലം എന്നിവരും മഥുര ജയിലിലാണ്. ഇവരെ കാണാന്‍ അഭിഭാഷകര്‍ നേരത്തേ ശ്രമിച്ചെങ്കിലും നടന്നില്ല.

നാലു പേരും ലക്ഷം രൂപ വീതമുള്ള ബോണ്ട് കെട്ടിവെക്കണമെന്ന് തിങ്കളാഴ്ച മഥുര മാണ്ഡ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിന് അലഹബാദ് ഹൈകോടതിയെ സമീപിക്കാനാണ് ഹേബിയസ് കോര്‍പസ് ഹരജിയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.

Top