സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി.

ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ക്വിന്റിലെ മാധ്യമ പ്രവര്‍ത്തക ദീക്ഷ ശര്‍മ്മയ്ക്കാണ് ഭീഷണി.

ഓണ്‍ലൈന്‍ വഴിയും വാട്‌സാപ്പ് വഴിയും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി മുഴക്കിയുള്ള സന്ദേശങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്ന് ദീക്ഷ പറയുന്നു.

ബംഗളൂരുവില്‍ കൊല്ലപ്പെട്ട ഗൗരീ ലങ്കേഷിന്റെ ഗതി തനിക്കും വരുമെന്ന് പറഞ്ഞുള്ള ഭീഷണി സന്ദേശങ്ങളും വരുന്നുണ്ടെന്നും  ദീക്ഷ ചൂണ്ടിക്കാട്ടി.

യുട്യൂബര്‍ ഓംപ്രകാശ് മിശ്രയുടെ ‘ബോല്‍ ന ആന്റി ആവോ ക്യാ’ എന്ന റാപ് ആല്‍ബം സ്ത്രീവിരുദ്ധവും അശ്ലീലച്ചുവയുള്ളതുമാണെന്ന് നിരീക്ഷിച്ച ദീക്ഷ, റാപ് സംഗീതത്തിനെതിരെ ക്വിന്റ് സൈറ്റില്‍ വാര്‍ത്താ പരിപാടി ചെയ്തിരുന്നു.

പാട്ടിനെക്കുറിച്ച് യുട്യൂബിന് പരാതി നല്‍കണമെന്ന് പ്രേക്ഷരോട് തന്റെ പരിപാടിയിലൂടെ ദീക്ഷ ആഹ്വാനവും നടത്തിയിരുന്നു.

ഇതിനു ശേഷം ‘ബോല്‍ ന ആന്റി’ സംഗീതം യുട്യൂബില്‍ നിന്നും നീക്കി.

ദീക്ഷയുടെ പരിപാടിയെ തുടര്‍ന്നാണ് യുട്യൂബ് വീഡിയോ നീക്കം ചെയ്തതെന്നാണ് ഓം പ്രകാശ് മെഹ്‌റയുടെ ആരോപണം.

അതേസമയം കോപ്പിറൈറ്റ് വിഷയത്തില്‍പെട്ടാണ് യുട്യൂബ് വീഡിയോ നീക്കം ചെയ്തതെന്നാണ് ദീക്ഷയുടെ വിശദീകരണം.

യുട്യൂബ് നീക്കം ചെയ്യുന്നതിന് മുമ്പ് 30 ലക്ഷം പേരാണ് ഓം പ്രകാശ് മിശ്രയുടെ ‘ബോല്‍ ന ആന്റി ആവോ ക്യാ’ എന്ന ആല്‍ബം കണ്ടത്.

28000 ലൈക്കുകളും ഇതേ വീഡിയോയ്ക്ക് യുട്യൂബില്‍ ലഭിച്ചു. യുട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്തതിന് ക്വിന്റിന് മുന്നില്‍ പ്രതിഷേധ പ്രകടനത്തിനൊരുങ്ങുകയാണ് വീഡിയോയെ പുകഴ്ത്തുന്ന ഒരുവിഭാഗം ആളുകള്‍.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top