കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കി

കോട്ടയം:കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കി.കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

കോട്ടയം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് തീരുമാനം ജോസ് വിഭാഗം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

എല്ലാ മാന്യതയും നല്‍കിയിട്ടും ജോസ് വിഭാഗം തീരുമാനം അംഗീകരിച്ചില്ലെന്നും യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.ബുധനാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ ജോസ് കെ. മാണി വിഭാഗത്തെ വിളിക്കില്ലെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.

അതേസമയം, ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാവില്ലെന്ന നിലപാടിലാണ് ജോസ് വിഭാഗം. കോട്ടയം ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം അപ്പോൾത്തന്നെ പാർട്ടി ജില്ലാ നേതൃത്വം പരസ്യമായി നിഷേധിച്ചതാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തുടരുമെന്നും ജോസ് വിഭാഗം അറിയിച്ചിരുന്നു.

യുഡിഎഫ് തീരുമാനം ചർച്ച ചെയ്യാൻ ജോസ് കെ. മാണി വിഭാഗം അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകിട്ട് ജോസ് കെ.മാണി മാധ്യമങ്ങളെ കാണും.

Top