ജോക്കര്‍ സിനിമക്ക് രണ്ടാംഭാഗം ഒരുങ്ങുന്നു

ഹോളിവുഡിലെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോഡ് ഫിലിപ്‌സാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഹോളിവുഡിലെ ജൊവാക്വിന്‍ ഫീനിക്‌സ് എന്ന അനശ്വര നടനാണ് ജോക്കറായി വേഷമിട്ടത്. ചിത്രം ഒക്ടോബര്‍ 2019നാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്.

ദാരിദ്യവും തൊഴിലില്ലായ്മയും ജനരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്‌ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കഥാപാത്രത്തിന്റെ പരാധീനതകള്‍ തന്നിലേക്ക് പൂര്‍ണമായും ആവേശിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തി കളഞ്ഞ കഥാപാത്രമാണ് ജൊവാക്വിന്‍ ഫീനിക്‌സ് സൃഷ്ടിച്ചത്. ലോകമെമ്പാടും റിലീസ് ചെയ്ത ജോക്കര്‍ വന്‍ വിജയമാവുകയും മികച്ച നടനുള്ള ഓസ്‌ക്കര്‍ പുരസ്‌കാരം ജൊവാക്വിന്‍ ഫീനിക്‌സ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

Top