ഇസ്രായേല്‍ ജൂതരാഷ്ട്രം: ഫാസിസ്റ്റ് രാജ്യമായി ഇസ്രായേല്‍ മാറിയെന്ന് ഉര്‍ദുഗാന്‍

ഇസ്രായേല്‍: ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ച നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് രാജ്യമായി ഇസ്രായേല്‍ മാറിയെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

തുര്‍ക്കി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഉര്‍ദുഗാന്‍ ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ അതേ ഫാസിസ്റ്റ് നടപടികളാണ് ഗാസയടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ പുതിയ നിയമത്തിലൂടെ നടപ്പിലാക്കുന്നതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രായേലിനെ ജൂത ജനതയുടെ ദേശീയ രാഷ്ട്രമായി നിര്‍വചിക്കുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് കഴിഞ്ഞയാഴ്ചയാണ് പാസാക്കിയത്.

വിവാദ നിയമം രാജ്യത്തെ അറബ് ന്യൂനപക്ഷത്തിനെതിരെ കടുത്ത വിവേചനത്തിനു വഴിതെളിക്കുമെന്ന ആശങ്ക വ്യാപകമാണ്. ഈ ആശങ്കയാണ് പരസ്യമായി ഉര്‍ദുഗാന്‍ പ്രകടിപ്പിച്ചത്. തുര്‍ക്കിയുടെ ഭരണ സംവിധാനം മാറ്റിയ ഉര്‍ദുഗാന്‍ രാജ്യത്തെ ഏകാധിപതിയായി മാറുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചടിച്ചു.

90 ലക്ഷം ജനസംഖ്യയുള്ളതില്‍ 18 ലക്ഷമാണ് പലസ്തീനികളായ അറബ് വംശജരുള്ളത്. ജനസംഖ്യയുടെ 20 ശതമാനമാണ് ഇത്. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞുവെങ്കിലും, രാജ്യത്തെ നിയമ സംവിധാനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജൂതരുടെ കയ്യിലാകുമെന്ന് ഭയപ്പെടുന്നതായി പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്ലാം സംഘടനങ്ങള്‍ പറയുന്നു.

Top