വിനായകന്റെ വിഷയം ജാതി കൊണ്ട് അടയ്‌ക്കേണ്ടന്നും, എന്നാല്‍ രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യം കെപിഎംഎസ്

കോട്ടയം: രാജ്യത്ത് ജാതി സെന്‍സസ് നടത്തേണ്ടത് അനിവാര്യമെന്ന് കെപിഎംഎസ്. ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിന് സെന്‍സസ് ഗുണകരമാകുമെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അറിയിച്ചു. ഇടതു സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ പിന്നോക്ക വിഭാഗങ്ങളുടെ വിചാരണയ്ക്ക് വിധേയമാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ അപരാധത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രായശ്ചിതം ചെയ്യേണ്ട ഘട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ രാജ്യവ്യാപകമായി ജാതി സെന്‍സെസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ദില്ലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടിരുന്നു. ജാതി സെന്‍സസില്‍ രാഷ്ട്രീയമില്ലെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുരങ്കം വയ്ക്കുകയാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നീട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജാതി സെന്‍സസില്‍ നടപടികളുമായി മുമ്പോട്ട് പോകുമെന്ന് മുഖ്യമന്ത്രിമാരുമായി വാര്‍ത്താ സമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധി അറിയിക്കുകയും ചെയ്തു.

കര്‍ണ്ണാടകയില്‍ നേരത്തെ നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. തീവ്രഹിന്ദുത്വ നിലപാട് മുന്‍പോട്ട് വയ്ക്കുകയും ഒപ്പം ഒബിസി ക്ഷേമം അവകാശപ്പെടുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സംവരണത്തിലെ അപാകതകള്‍ പുറത്താകുമെന്ന് ജാതി സെന്‍സസില്‍ മിണ്ടാതിരിക്കുന്നത്. ആ ദൗര്‍ബല്യം ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍, ജാതിയുടെയും പ്രാദേശിക വാദത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തുരത്തണമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചത്. ജാതി സെന്‍സസ് ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് മോദിയുടെ വിമര്‍ശനം. ഇന്ത്യയില്‍ ആയുധങ്ങള്‍ ആരാധിക്കുന്നത് ഒരു ഭൂമിയിലും ആധിപത്യം സ്ഥാപിക്കാനല്ല, പകരം സ്വന്തം രാജ്യത്തെ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു.

എന്നാല്‍ പൊലീസ് സ്റ്റേഷനിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പുന്നല ശ്രീകുമാര്‍ വിനായകനെ തള്ളുകയും ചെയ്തു. വിനായകനെ പോലുള്ളവര്‍ നാടിന്റെ പൊതു സ്വത്താണ്. ഇത്തരക്കാര്‍ പൊതു ഇടങ്ങളില്‍ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും എന്നാല്‍ ആ വിഷയം ജാതി കൊണ്ട് അടയ്‌ക്കേണ്ടന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

Top