ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: പലസ്തീന്‍ പ്രദേശത്തെ വെടിനിര്‍ത്തല്‍ തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദങ്ങള്‍ തള്ളി ഇസ്രായേല്‍.തങ്ങളുടെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു. ഹമാസ് ഭരിക്കുന്ന എന്‍ക്ലേവില്‍ ഒരാഴ്ചയായി സൈന്യം കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്. ഹമാസിന്റെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കി. വെടിനിര്‍ത്തല്‍ സാധ്യതകള്‍ നിലവില്‍ പരിഗണനയിലില്ലെന്നും ഹഗാരി പറഞ്ഞു

എന്നാല്‍, ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറും. ഗാസയില്‍ പ്രവേശിക്കുന്ന ഇസ്രായേലി സൈനികര്‍ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്.

ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പൂര്‍ണതോതില്‍ മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദര്‍ശനത്തില്‍ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ഗാസയ്ക്ക് സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി പറഞ്ഞു. എന്നാല്‍, ഇക്കാര്യം ഇസ്രയേല്‍ നിരസിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഗാസയില്‍ സൈനിക നടപടി തുടര്‍ന്നു.

Top