ലണ്ടന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടയായ ഇസ്ലാമിക് സ്റ്റേറ്റ്

ലണ്ടന്‍: ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഐഎസിന്റെ വെറുപ്പാണ് സ്ഫോടനത്തിനു പിന്നിലെന്ന് അമാഖ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സംഘടന അവകാശപ്പെടുന്നു.

ലണ്ടന്‍ നഗരത്തിന്റെ തെക്കുപടിഞ്ഞാറ് പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ക്കു പരിക്കേറ്റിരുന്നു. ഭീകരാക്രമണമാണിതെന്നു സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു.

മാര്‍ച്ചിനുശേഷം ലണ്ടനിലുണ്ടായ അഞ്ചാമത്തെ ഭീകരാക്രമണമാണിത്.

വെള്ളിയാഴ്ച രാവിലെ സ്റ്റേഷനില്‍ വളരെയധികം തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. നിറയെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനില്‍ സ്ഥാപിച്ചിരുന്ന ബക്കറ്റ് ബോംബാണു പൊട്ടിത്തെറിച്ചത്. ടൈമര്‍ ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്ന് അനുമാനിക്കുന്നു. പ്ലാസ്റ്റിക് കാരിയര്‍ ബാഗിനുള്ളിലിരിക്കുന്ന വെള്ള ബക്കറ്റില്‍ തീ കത്തുന്ന ചിത്രങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

2005 ജൂലൈയിലെ സ്ഫോടന പരമ്പരയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആക്രമണം. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അന്നു നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലണ്ടന്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ക്കിരയാകുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ പാലം, മാഞ്ചസ്റ്റര്‍ അറീന, ലണ്ടന്‍ ബ്രിഡ്ജ്, ഫിഷ്ബറി പാര്‍ക് മോസ്‌ക് എന്നിവിടങ്ങളിലായി മുമ്പു നടന്ന ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെടുകയുണ്ടായി.

Top