ഐഫോണ്‍ 15 പ്രോയിലെ ഫീച്ചറുമായി ഐഫോണ്‍ എസ്.ഇ 4 എത്തുന്നു

ഫോണ്‍ 14 എന്ന മോഡലിന്റെ ഡിസൈനിലായിരിക്കും ഐഫോണ്‍ എസ്ഇ 4 എത്തുകയെന്ന് മാക്റൂമേഴ്സിന്റെ റിപ്പോര്‍ട്ട്. ഇത് ഐഫോണ്‍ എസ്ഇ സീരീസിലേക്ക് വരുന്ന ഒരു പ്രധാന മാറ്റമായിരിക്കും. ഐ?ഫോണ്‍ 8 -ന്റെ രൂപ ഭാവത്തിലായിരുന്നു ആപ്പിള്‍ ഇതുവരെ എസ്.ഇ മോഡലുകള്‍ ഇറക്കിയിരുന്നത്. എന്തായാലും പുതിയ മാറ്റം ആളുകളെ ആകര്‍ഷിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

നേരത്തെ എസ്.ഇയുമായി ബന്ധപ്പെട്ട് ഐഫോണ്‍ എക്‌സ്.ആറിന് സമാനമായ ഡിസൈന്‍ ടിപ്പ് ചെയ്തിരുന്നു. എന്നാല്‍, ഔട്ട്‌ഡേറ്റഡായ ഡിസൈന്‍ സ്വീകരിക്കാതെ കുറച്ചുകൂടി പുതിയ രൂപത്തില്‍ എസ്.ഇ ഇറക്കാനാണ് ആപ്പിള്‍ ആഗ്രഹിക്കുന്നതെന്നാണ് സൂചന. അതേസമയം, പിന്നില്‍ ഒരൊറ്റ ക്യാമറയുമായി എസ്.ഇ 4 വരുമെന്നും ഐഫോണ്‍ എക്‌സ്.ആര്‍ അല്ലെങ്കില്‍ ഐഫോണ്‍ എസ് ഇ 3 എന്നിവയെ അനുസ്മരിപ്പിക്കുന്ന ബാക്ക് ഡിസൈന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവ കൂടാതെ രണ്ട് പ്രധാന മാറ്റങ്ങളും എസ്.ഇ നാലാം ജനറേഷനിലേക്ക് കൊണ്ടുവരുന്നുണ്ട്. അതിലൊന്ന് ആക്ഷന്‍ ബട്ടണ്‍ ആണ്. ഐഫോണ്‍ 15 പ്രോ സീരീസിലുള്ള ആക്ഷന്‍ ബട്ടണ്‍ നിലവിലെ അലേര്‍ട്ട് സ്ലൈഡറിന് പകരമെത്തിയ ഫീച്ചറാണ്. എസ്.ഇ പോലുള്ള മധ്യനിര മോഡലില്‍ ആ ഫീച്ചര്‍ എത്തുന്നത് മികച്ച കാര്യമാണ്. യു.എസ്.ബി-സി? പോര്‍ട്ടാണ് മറ്റൊരു പ്രധാന മാറ്റം. ഇനി വരാനിരിക്കുന്ന ഐഫോണുകളിലെല്ലാം തന്നെ സി-പോര്‍ട്ട് തന്നെയാകും ഉള്‍പ്പെടുത്തുക. പഴയ എസ്.ഇകളിലെ ടച്ച് ഐഡിക്ക് പകരം മുന്‍വശത്ത് നോച്ച് നല്‍കി ഫേസ് ഐഡിയാകും ആപ്പിള്‍ ഉള്‍പ്പെടുത്തുക. എല്‍.സി.ഡി ഡിസ്‌പ്ലേക്ക് പകരമായി ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം.

48 മെഗാപിക്‌സലിന്റെ ക്യാമറയാകും ഫോണിലെത്തുക. എ17 പ്രോ, അല്ലെങ്കില്‍ എ18 ബയോണിക് ചിപ് ആകും എസ്.ഇ 4ന് കരുത്തേകുക. ബാറ്ററിയിലും പ്രകടനത്തിലും വലിയ മാറ്റങ്ങളോടെയാകും ഫോണ്‍ എത്തുക. അതേസമയം, ഇത്തരം അപ്‌ഗ്രേഡുകള്‍ വരുന്നതോടെ ഫോണിന്റെ വില അല്‍പ്പം ഉയരാനും സാധ്യതയുണ്ട്. 399 ഡോളിറനായിരുന്നു ഐഫോണ്‍ എസ്ഇ 2 വിപണിയിലെത്തിയത്. എന്നാല്‍, എസ്ഇ 3-ക്ക് 429 ഡോളറായി വില വര്‍ധിക്കുകയുണ്ടായി. എസ്.ഇ നാലാം ജനറേഷന് അതിലേറെ നല്‍കേണ്ടതായി വരും. 600 ഡോളര്‍ വരെ പോകുമെന്നാണ് സൂചന.

2024 അവസാനമോ, 2025-ലോ ലോഞ്ച് ചെയ്യാനാണ് ഐഫോണ്‍ എസ്.ഇ 4 സാധ്യതയെന്നുള്ള റിപ്പോര്‍ട്ടുണ്ട്. ഐഫോണ്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മിനി മോഡലുകളുടെ വലിപ്പത്തിലാണ് എസ്.ഇ പുതിയ ജനറേഷന്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 13 മിനി എന്ന മോഡലോടെ അവസാനിപ്പിച്ച കുഞ്ഞന്‍ ഡിസൈന്‍ എസ്.ഇ 4-ലൂടെ തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് ഐഫോണ്‍ ആരാധകര്‍.

Top