നടിയെ ആക്രമിച്ച കേസില്‍ എം.എല്‍.എമാരില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എം.എല്‍.എമാരില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും.

തൃക്കാക്കര എംഎല്‍എ പി.ടി.തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുഎംഎല്‍എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സംഭവം നടന്ന രാത്രിയില്‍ നടിയെ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അക്രമിസംഘം ഉപേക്ഷിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയവരില്‍ ഒരാള്‍ പിടി തോമസായിരുന്നു.

നടിയുടെ ഡ്രൈവറായ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചതും ഐജി പി.വിജയന് സംഭവം സംബന്ധിച്ച് വിവരമറിയിച്ചതും അദ്ദേഹമാണ്.

സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി പോലീസ് രേഖപ്പെടുത്താത്തില്‍ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

കേസില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്.

Top