കളമശേരി സ്‌ഫോടന കേസ്; ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചി: കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങിയ പള്ളുരുത്തിയിലെ കട, പെട്രോള്‍ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ്, പടക്കക്കട എന്നിവിടങ്ങളിലെ തെളിവെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നേരത്തെ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രതി ഡൊമനിക്കുമായുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തികരിച്ചത്. യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയില്‍ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നല്‍കിയിരുന്നു. കസ്റ്റഡി കാലാവധി കഴിയും മുന്‍പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഒക്ടോബര്‍ 29-ാം തീയതി രാവിലെ കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമായിരുന്നു സ്‌ഫോടനം. മൂന്ന് തവണയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top