കോഴിക്കോട് കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ പരിശോധന പൂര്‍ത്തിയായി; റിപ്പോര്‍ട്ട് നാളെ നല്‍കും

കോഴിക്കോട്: കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പരിശോധന പൂര്‍ത്തിയായി. നാളെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തും. 10 അഗ്‌നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണച്ചത്.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ രാവിലെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഈ പരിശോധ പൂര്‍ത്തിയായിട്ടുണ്ട്. നാളെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറന്‍സിക് സംഘവും പരിശോധന നടത്തും.

പ്ലാന്റിന്റെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നതെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ആരോപണം. മാലിന്യ പ്ലാന്റിന് സമീപത്തെ കെട്ടിടത്തില്‍ വൈദ്യുതി ബന്ധമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടിച്ചതെന്നാണ് കോര്‍പ്പറേഷന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

അതേസമയം തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മേയര്‍ ബീന ഫിലിപ്പ്. കോര്‍പറേഷന്റെ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പ്ലാന്റില്‍ വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും മേയര്‍ പ്രതികരിച്ചു. താന്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും ബീന ഫിലിപ്പ് പ്രതികരിച്ചു.

Top