The intervention of the party banned in Government matters; some leader unsatisfied

തിരുവന്തപുരം: ഛോട്ടാ നേതാക്കള്‍ മുതല്‍ വലിയ നേതാക്കള്‍ വരെയുള്ളവരുടെ ‘സ്വപ്നങ്ങള്‍’ തകര്‍ത്ത് പിണറായി സര്‍ക്കാര്‍.

സാധാരണ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ‘സൂപ്പര്‍ പവര്‍’ ആവാറുള്ള എകെജി സെന്ററിന് പോലും ഭരണത്തില്‍ ഇടപെടുന്നതില്‍ നിയന്ത്രണം വന്നതോടെ ഒരു വിഭാഗം നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്.

പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ പരിഗണിക്കുക എന്നതിലപ്പുറം എല്ലാ കാര്യങ്ങളിലും ദൈനംദിന ഇടപെടല്‍ നടത്തുന്ന മുന്‍കാല പ്രവര്‍ത്തി തന്റെ സര്‍ക്കാരില്‍ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

ഈ പിടിവാശി പാര്‍ട്ടിയില്‍ വ്യാപകമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ടെങ്കിലും പിണറായിയെ പേടിച്ച് രംഗത്ത് വരാന്‍ നേതാക്കള്‍ മടിക്കുകയാണ്.

മുന്‍പ് വിഎസ് മുഖ്യമന്ത്രിയും പിണറായി പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന ഘട്ടത്തില്‍ പാര്‍ട്ടി സര്‍ക്കാരില്‍ നടത്തിയിരുന്ന ഇടപെടലുകള്‍ പോലും ഇപ്പോള്‍ അനുവദിക്കാത്തതിലാണ് പലരുടെയും പരാതി.

മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും കൊണ്ട് വരുന്ന ഫയലുകള്‍ കണ്ണടച്ച് ഒപ്പിടുന്ന മുന്‍കാല രീതികളും മുഖ്യമന്ത്രി ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്.

തന്റെ മുന്നിലെത്തുന്ന ഫയലുകളില്‍ മുഖ്യമന്ത്രിയുടെ വക ക്രോസിങ് ഉറപ്പാണ്. ഇതുമൂലം പല മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഇതിനകം തന്നെ ‘വെള്ളം’ കുടിച്ച് കഴിഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ വൈകി എത്തിയ സ്വന്തം പാര്‍ട്ടി മന്ത്രി തന്നെ മുഖ്യമന്ത്രിയുടെ രോഷത്തിന് പാത്രമായതായും അണിയറയില്‍ സംസാരമുണ്ട്.

മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടില്‍ അതൃപ്തിയുള്ള മന്ത്രിമാര്‍ സ്ഥാനം തെറിക്കുമെന്ന ഭയമുള്ളതിനാല്‍ കരുതലോടെയാണ് ഇപ്പോള്‍ നീങ്ങുന്നത്.

ഏതെങ്കിലും വിവാദ തീരുമാനങ്ങള്‍ അറിഞ്ഞോ അറിയാതെയോ സ്വീകരിച്ച് പോയാല്‍ വിജിലന്‍സിന്റെ പിടി വീഴുമെന്നതിനാല്‍ വകുപ്പ് സെക്രട്ടറിമാര്‍ അടക്കമുള്ള ഉന്നതരും വളരെ ശ്രദ്ധാലുവാണ്.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയത് തന്നെ മുഖ്യമന്ത്രി രണ്ടും കല്‍പ്പിച്ചാണെന്നതിന്റെ സൂചനയായിട്ടാണ് ഇവര്‍ വിലയിരുത്തുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും നിയമനങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് സിപിഎം-സിപിഐ നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയ മറ്റൊരു സംഭവം.

സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയതോടെ നളിനി നെറ്റോ സ്വന്തം നിലക്ക് നല്‍കിയ ലിസ്റ്റില്‍ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നുവെന്നാണ് ആക്ഷേപം.

കളങ്കിതരായ ഐപിഎസുകാര്‍ മുതല്‍ യുഡിഎഫ് നേതാക്കളുടെയും രാഷ്ട്രീയപരമായി ഇടത് വിരുദ്ധരുടെയും അടുത്ത ആളുകളായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുമൂലം പ്രധാന തസ്തികകളില്‍ നിയമനം ലഭിച്ചുവെന്നാണ് ആക്ഷേപം.

പൊലീസ് ഭരണത്തിനെതിരെ പാര്‍ട്ടിക്ക് തന്നെ പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യമുണ്ടായത് ഇതുകൊണ്ടാണെന്നാണ് വാദം.

സിപിഎം ശക്തി കേന്ദ്രവും മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും സ്വന്തം തട്ടകവുമായ കണ്ണൂര്‍ ഉള്‍പ്പെടുന്ന റേഞ്ചില്‍ ഡിഐജി ദിനേന്ദ്രകാശിപ് യുഡിഎഫ് ഭരണകാലത്ത് നിയമിതനായ ഉദ്യോഗസ്ഥനായിട്ടും അദ്ദേഹത്തെ പോലും മാറ്റാതിരിക്കുന്നതിലും സഖാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

കോടിയേരി തന്നെ കണ്ണൂരിലെ പൊലീസിനെതിരെ രംഗത്ത് വരേണ്ട സാഹചര്യവും അടുത്തയിടെ ഉണ്ടായി.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിഐ,ഡിവൈഎസ്പി സ്ഥലമാറ്റങ്ങളിലും സിപിഎം നേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്ന പരാതി വിവിധ ജില്ലാ ഘടകങ്ങള്‍ക്കുമുണ്ട്.

യുഡിഎഫിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് നിലവിലെ ചുമതല മാറ്റി കൂടുതല്‍ നല്ല ചുമതല നല്‍കിയ സാഹചര്യം വരെ ഉണ്ടായത്രെ.

ലീഗ് തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സ് -ലീഗ് നേതാക്കളുടെ പ്രിയങ്കരനായിരുന്ന പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രദീപ് കുമാറിനെ അവിടെ നിന്ന് മാറ്റി മലപ്പുറം ഡിവൈഎസ്പിയായി നിയമിച്ചതാണ് ഇതിന് ഉദാഹരണമായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

സമാനമായ സാഹചര്യമാണ് മിക്ക ജില്ലകളിലെയും സിഐ,ഡിവൈഎസ്പി നിയമനങ്ങളില്‍ നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം.

പാര്‍ട്ടി ഭരണത്തില്‍ യുഡിഎഫിന് മാത്രമല്ല ബിജെപിക്ക് പോലും കാര്യങ്ങള്‍ നേടാന്‍ ഇത്തരം നിയമനങ്ങള്‍ വഴി വെക്കുമെന്നാണ് അതൃപ്തരുടെ വാദം.

ഭരണം മാറുന്നു എന്നത് പൊതുസമൂഹത്തിന് പ്രത്യക്ഷമായി പ്രകടമാകുന്നത് പൊലീസ് മാറുമ്പോഴാണെന്നാണ് ഇവര്‍ പറയുന്നത്.

പാര്‍ട്ടി പരിഗണനയിലല്ലാതെ നിയമനം ലഭിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അഭിപ്രായങ്ങള്‍ പോലും മുഖവിലക്കെടുക്കുന്നില്ലെന്ന പരാതി വിവിധ ജില്ലാ കമ്മറ്റികളില്‍ നിന്ന് ഇതിനകം തന്നെ എകെജി സെന്ററിലെത്തിയിട്ടുണ്ട്.

Top