ഒളിമ്പിക് ചട്ടം ലംഘിച്ചതിന് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു

ലുസെയ്ന്‍ : ഒളിമ്പിക് ചട്ടം ലംഘിച്ചതിന് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) സസ്പെന്‍ഡ് ചെയ്തു. ചട്ടവിരുദ്ധമായി കിഴക്കന്‍ യുക്രൈനിലെ നാലു മേഖലകളിലുള്ള കായിക സമിതികളെ റഷ്യന്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനാണ് നടപടി.

യുക്രൈനിലെ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ (എന്‍.ഒ.സി.) അധികാരത്തിന് കീഴിലുള്ള പ്രാദേശിക കായിക സംഘടനകളെ തങ്ങളുടെ സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ നീക്കം യുക്രൈന്‍ ഒളിമ്പിക് സമിതിയുടെ അഖണ്ഡതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഐ.ഒ.സി. വക്താവ് മാര്‍ക്ക് ആഡംസ് പറഞ്ഞു.

വ്യാഴാഴ്ച ഐ.ഒ.സിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടെ റഷ്യന്‍ അത്ലറ്റുകള്‍ക്ക് അടുത്ത വര്‍ഷത്തെ പാരിസ് ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ റഷ്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ സാധിക്കില്ല.

 

 

Top