രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം ; ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും

തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടുനിന്ന ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ്. സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും. 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍, കള്‍ച്ചറല്‍ പരിപാടികള്‍, ഒത്തുച്ചേരലുകള്‍ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്.

വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി, സുവര്‍ണ്ണ ചകോരം ഉള്‍പ്പടെ പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍ സമാപനച്ചടങ്ങില്‍ നല്‍കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള പുരസ്‌കാരങ്ങളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ ആര്‍ മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും.

ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. ക്യൂബയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും. സമാപനച്ചടങ്ങിന് മുന്നോടിയായി കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിന്‍ഡ് ഓഫ് റിഥം’ എന്ന സംഗീതപരിപാടിയും ഉണ്ടാകും.

Top