മാത്യു കുഴല്‍നാടന്‍ എംഎല്‍ എയ്ക്കും മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും

കോതമംഗലത്തെ കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍ എയ്ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും. പ്രതികളുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും വൈരുധ്യമുണ്ടെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. എന്നാല്‍ കോതമംഗലത്ത് പ്രതിഷേധം നടത്തിയത് മനപ്പൂര്‍വമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ നടത്തിയ അക്രമസംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രോസക്യൂഷന്‍ വാദിച്ചു. സംഭവത്തില്‍ പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. നഴ്‌സിങ് സൂപ്രണ്ടിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. അതേസമയം കോടതിയില്‍ വിശ്വാസമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

പൊലീസിനെ മര്‍ദിച്ച് മൃതദേഹം കൈവശപ്പെടുത്തിയെന്നും കൃത്യ നിര്‍വഹണം തടപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു. കോതമംഗലം പ്രതിഷേധത്തിനെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ എടുത്തിരിക്കുന്നത്.പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മര്‍ദ്ദിച്ചെന്നാണ് എഫ്‌ഐആര്‍. ഡീന്‍ കുര്യക്കോസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് പ്രധാന പ്രതികള്‍.ആശുപത്രിയില്‍ അക്രമം നടത്തല്‍, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടക്കമുള്ളവര്‍ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തില്‍ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു.

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍ എഉള്‍പ്പടെ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസ് എടുത്തത്.കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Top