ഇനി മുതല്‍ പിഴ അടച്ചു തീര്‍ത്താല്‍ മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും എ ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 19 എം എല്‍ എമാരുടെ വാഹനങ്ങള്‍ക്കും 10 എം പിമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി ഐ പികളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

Top