ഹനാനെ അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവുമായി ഡിജിപി. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. സ്വമേധയാ കേസെടുക്കുന്ന കാര്യവും പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണു ഹനാന്‍ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേര്‍ സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അല്‍ അസര്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഈ തൃശൂര്‍ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീന്‍ കച്ചവടത്തിന് എത്തിയത്‌. വാര്‍ത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയില്‍ ഹനാന് അവസരം നല്‍കുമെന്നു സംവിധായകന്‍ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി.

Top