‘ഇടതുപക്ഷത്തിനൊപ്പം ഉറച്ച്നില്‍ക്കും’;ഐ.എന്‍.എല്‍ വഹാബ് പക്ഷം പുതിയ പാര്‍ട്ടി രൂപീകരിച്ചു

കോഴിക്കോട്: ഐ.എന്‍.എല്‍ വഹാബ് പക്ഷം പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണല്‍ ലീഗ് എന്ന പേരിലാണ് പുതിയ പാര്‍ട്ടി. എ.പി അബ്ദുള്‍ വഹാബിനെ അധ്യക്ഷനായും നാസര്‍ കോയ തങ്ങളെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇസ്മയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

ഇബ്രാഹിം സുലൈമാന്‍ സേട്ട് നേരത്തെ നിര്‍ദേശിച്ച പേരാണ് പാര്‍ട്ടിക്ക് നല്‍കിയതെന്ന് വഹാബ് പറഞ്ഞു. സേട്ട് 1994-ല്‍ പാര്‍ട്ടി രൂപികരിച്ചത് നാഷണല്‍ ലീഗ് എന്ന പേരിലാണ്. ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നില്‍ക്കും. പുതിയ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പ് കണ്‍വീനര്‍ നല്‍കിയിട്ടുണ്ട്. കോടതി വിധിയെ മാനിച്ച് കൊണ്ടു മുന്നോട്ട് പോകും. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വഹാബ് വ്യക്തമാക്കി.

നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വഹാബ് പക്ഷം അറിയിച്ചിരുന്നു. പിളര്‍പ്പിന് ശേഷം ഐഎന്‍എല്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിന് മുന്നണിയില്‍ കാര്യമായ പരിഗണന കൊടുക്കുന്നുവെന്നും വഹാബ് പക്ഷത്തെ മുന്നണിയോഗത്തിലേക്ക് ക്ഷണിക്കുന്നില്ലെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം അറിയിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തും നല്‍കി. കത്തിന് മറുപടി ലഭിച്ചില്ലെന്നും അവഗണന തുടരുന്നുവെന്നും കാണിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുളള തീരുമാനം.

Top