മുരളീധരനെ സി.ബി.ഐയുടെ ചുമതലയുള്ള മന്ത്രിയാക്കി സി.പി.എമ്മിനെ വിറപ്പിക്കുമോ ?

v muralidharan

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായും ഏറെ അടുപ്പമുള്ള വി.മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന സൂചന സജീവമായി.

കേരളത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി ബി.ജെ.പിക്ക് അടിത്തറയുണ്ടാക്കാന്‍ മുരളീധരന് മന്ത്രി പദവി അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വമത്രെ.

സി.ബി.ഐയുടെ ചുമതലയുള്ള പേഴ്‌സണല്‍ മന്ത്രാലയമുള്‍പ്പെടുന്ന വകുപ്പില്‍ സഹമന്ത്രിയായോ, അതല്ലങ്കില്‍ ആഭ്യന്തര സഹമന്ത്രിയായോ മുരളീധരനെ പ്രധാനമന്ത്രി നിയമിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലന്നതാണ് നിലവിലെ സ്ഥിതി.

ഷുഹൈബ് വധമടക്കം കേരളത്തില്‍ സി.പി.എം നേതൃത്വം പ്രതിക്കൂട്ടിലായ നിരവധി കേസുകള്‍ സി.ബി.ഐ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ മുരളിധരനെ പോലെ ‘ഇടപെടാന്‍’ ശേഷിയുള്ള ഒരു മലയാളി നേതാവ് ‘പവര്‍ഫുള്‍’ വകുപ്പില്‍ മന്ത്രിയായാല്‍ അത് കേരള സര്‍ക്കാറിന് വലിയ തലവേദനയാകും.

മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എം നേതൃത്വവുമായി വ്യക്തിപരമായി അടുപ്പമുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇടപെടുന്നത് പോലെയാവില്ല മുരളീധരന്‍ മന്ത്രിയായാല്‍ ഇടപ്പെടുക എന്ന ബോധ്യം സി.പി.എം നേതൃത്വത്തിനുമുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ രണ്ടില്‍ കുറയാത്ത സീറ്റ് നേടുക എന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ടാര്‍ഗറ്റ് നടപ്പാക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ മുരളീധരന് രാജ്യസഭാ സീറ്റ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ തന്നെ പല പ്രമുഖ നേതാക്കളെയും അവഗണിച്ചാണ് ഈ പരിഗണന.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും ബി.ജെ.പിക്ക് അനുകൂലമായി കേരളത്തിന്റെ മണ്ണ് പാകപ്പെടുത്തിയെടുക്കാന്‍ മുരളീധരനും അല്‍ഫോണ്‍സ് കണ്ണന്താനവും ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയും കേന്ദ്ര നേതൃത്വത്തിനുണ്ട്.

കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികളിലെ ജനപ്രിയരായ ചില നേതാക്കള്‍ അധികം താമസിയാതെ തന്നെ ബി.ജെപിയോട് സഹകരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്.

രണ്ട് മുന്നണികളെയും പരീക്ഷിച്ച് മടുത്ത ജനങ്ങള്‍ ബി.ജെ.പിക്ക് ഒരവസരം നല്‍കുമെന്ന കാര്യത്തില്‍ നേതൃത്വം ആത്മവിശ്വാസത്തിലാണ്.

ചെങ്ങന്നൂരില്‍ അട്ടിമറി വിജയമാണ് ലക്ഷ്യമെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയാല്‍ പോലും അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ നേട്ടമാകുമെന്നതിനാല്‍ സകല ശക്തിയും ചെങ്ങന്നൂരില്‍ പ്രകടിപ്പിക്കാനാണ് സംഘ പരിവാര്‍ തീരുമാനം.

Top