ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്ത്

റാഞ്ചി: ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജപ്പാനോട് തോറ്റതോടെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് മോഹങ്ങള്‍ തകര്‍ന്നു. തോല്‍വിയോടെ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ സംഘം പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി.

ടോക്കിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനം സ്വന്തമാക്കി ചരിത്രമെഴുതിയ ടീമിനാണ് തൊട്ടടുത്ത ഒളിമ്പിക്‌സിലെ യോഗ്യത നഷ്ടമായിരിക്കുന്നത്. 2012-ലാണ് ഇന്ത്യ അവസാനമായി ഒളിമ്പിക്സിന് യോഗ്യത നേടാതിരുന്നത്.

ടൂര്‍ണമെന്റിലെ മികച്ച മൂന്ന് ടീമുകള്‍ക്ക് മാത്രമേ 2024 പാരിസ് ഒളിമ്പിക്‌സിനുള്ള യോഗ്യത ലഭിക്കൂ. യുഎസ്എയും ജര്‍മനിയും ഇതിനോടകം യോഗ്യത ഉറപ്പാക്കി. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യയും ജപ്പാനുമായിരുന്നു ഉണ്ടായിരുന്നത്. ജയത്തോടെ ജപ്പാന്‍ ഇന്ത്യയെ മറികടന്ന് ഒളിമ്പിക് യോഗ്യത ഉറപ്പാക്കി.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് കാന ഉറാത്തയാണ് ജപ്പാന്റെ ഗോള്‍ നേടിയത്. തിരിച്ചടിക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ ശ്രമങ്ങള്‍ക്കെല്ലാം ജപ്പാന്‍ പ്രതിരോധം തടയിട്ടതോടെ നിരാശയോടെ മടങ്ങാനായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ വിധി.

കഴിഞ്ഞ ദിവസം ഒളിമ്പിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിന്റെ സെമിയില്‍ കരുത്തരായ ജര്‍മനിയോട് പൊരുതി വീണ ഇന്ത്യന്‍ ടീമിന് ജപ്പാനെതിരേ ജയം അനിവാര്യമായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ഇന്ത്യന്‍ തോല്‍വി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്

Top