ദക്ഷിണേഷ്യന്‍ സന്ദര്‍ശനം ഉറപ്പിച്ചു ; മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം സ്ഥിരീകരണമായില്ല

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായില്ല.

എന്നാല്‍, ദക്ഷിണേഷ്യന്‍ സന്ദര്‍ശനം വത്തിക്കാന്‍ ഉറപ്പിച്ചു. മ്യാന്‍മറിലും ബംഗ്ലാദേശിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.

മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം.

വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബര്‍ക്ക് ആണ് വിവരം വെളിപ്പെടുത്തിയത്.

ഇരുരാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഈ അപ്പസ്‌തോലിക സന്ദര്‍ശനം.

ദുരിതമനുഭവിക്കുന്ന റോഹിന്‍ക്യ മുസ്‌ലിങ്ങളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ ബംഗ്ലാദേശ് സന്ദര്‍ശനം.

മ്യാന്‍മറില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. നേരത്തെ 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഭാരത കത്തോലിക്കാ മെത്രാന്‍ സഭ (സിബിസിഐ) മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.

Top